ടെർമിനേറ്റർ വൈബ്; ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം
text_fieldsസൂര്യവംശിയെ പുറത്താക്കിയ പ്രഫുൽ ഹിംഗെയുടെ ആഹ്ലാദം
മുല്ലൻപൂർ: ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലൻ വൈഭവ് സൂര്യവംശിയുടെ ടെർമിനേറ്റർ പ്രകടനം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെ വട്ടംകറക്കിയ സൂര്യവംശി 97 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിനിടയിൽ വമ്പനൊരു റെക്കോഡും തകർത്തു. ഐ.പി.എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ബാറ്ററെന്ന ബഹുമതി സ്വന്തമാക്കി. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്രിസ് ഗെയിൽ തൂക്കിയ 59 സിക്സറുകളുടെ നേട്ടമാണ് വഴിമാറിയത്. ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ച്വറിയെന്ന റെക്കോഡിന് തൊട്ടടുത്താണ് സൂര്യവംശി വീണത്. രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 243റൺസ് നേടി.
തോറ്റാൽ പുറത്താകുന്ന നിർണായക മത്സരത്തിൽ ടോസ് ഭാഗ്യം ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനായിരുന്നു. കമ്മിൻസ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. റോയൽസ് ക്യാപ്റ്റൻ റയാൻ പരാഗും സീനിയർ താരം രവീന്ദ്ര ജദേജയും ടീമിൽ തിരിച്ചെത്തി. പേസര് പ്രഫുൽ ഹിംഗെ ഹൈദരാബാദ് നിരയിലും തിരിച്ചെത്തി.
ആദ്യ ഓവറിലെ അഞ്ചാം പന്ത് വരെ നന്നായി എറിഞ്ഞ പാറ്റ് കമ്മിൻസിനെ അവസാനം സിക്സർ പറത്തിയാണ് ഓപണർ സൂര്യവംശിയുടെ വമ്പനടിക്ക് തുടക്കമായത്. കമ്മിൻസിന്റെ രണ്ടാം ഓവറിൽ തുടരെ മൂന്ന് സിക്സറുകൾ. ശാകിബ് ഹുസൈനും അടി കിട്ടി. ആദ്യ ഓവറിൽ മൂന്നെണ്ണം. ഇതേ ഓവറിൽ സൂര്യവംശി ഫിഫ്റ്റിയടിച്ചു. വെറും 16 പന്തിലെ അർധ സെഞ്ച്വറി . 2014ൽ രണ്ടാം ക്വാളിഫയറിൽ സുരേഷ് റെയ്ന 16 പന്തിൽ അർധ സെഞ്ച്വറി നേടിയ ശേഷം നോക്കൗട്ടിൽ ഏറ്റവും വേഗമേറിയ നേട്ടമാണിത്. തൊട്ടുമുമ്പുള്ള പന്തിലാണ് ഗെയിലിന്റെ സിക്സർ റെക്കോഡ് സൂര്യവംശി മറികടന്നത്.
വീണ്ടും സിക്സറുകളും ഫോറുമായി കൗമാര താരം കുതിപ്പ് തുടർന്നു. എട്ടാം ഓവറിൽ ഹിംഗെ വഴങ്ങിയത് മൂന്ന് സിക്സറടക്കം 29 റൺസാണ്. വെറും 29 പന്തിൽ 97 റൺസിലെത്തിയ സൂര്യവംശിക്ക് അടുത്ത പന്തിൽ മൂന്ന് റൺസ് കുടി നേടിയാൽ ഗെയിലിന്റെ മറ്റൊരു ചരിത്രനേട്ടം സ്വന്തമാകുമായിരുന്നു. 30 പന്തിൽ സെഞ്ച്വറിയെന്ന ഐ.പി്?ൽ റെക്കോഡ് തകർക്കാൻ എട്ടാം ഓവറിലെ അവസാന പന്ത് ഷോർട് ബാളായിരുന്നു. സുര്യവംശി അപ്പർകട്ടിലൂടെ ആഞ്ഞടിച്ചു. അൽപം പിഴച്ചു, പന്ത് ഡീപ് തേർഡിൽ സ്മരൺ രവിചന്ദ്രന്റെ കൈയിൽ. നിരാശയോടെ തലകുനിച്ച് 97 റൺസുമായി സൂര്യവംശി മടങ്ങി.
രാജസ്ഥാൻ സൂപ്പർ താരം പുറത്താകുമ്പോൾഎട്ടോവറിൽ 125 എന്ന വമ്പൻ സ്കോർനിലയായിരുന്നു. പിന്നീട് ഓപണർ യശസ്വി ജയ്സ്വാളിനൊപ്പം ധ്രുവ് ജുറൽ ചേർന്നു. രാജസ്ഥാൻ ഇന്നിങ്സിന് അൽപം വേഗം കുറഞ്ഞു. 11ാം ഓവറിൽ 29 റൺസുമായി ജയ്സ്വാൾ പുറത്തായി. ക്യാപ്റ്റൻ പരാഗാണ് പകരമെത്തിയത്. ജുറൽ റണ്ണൊഴുക്കിന് വേഗംകൂട്ടി. 21 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസ് നേടിയ ജുറൽ 14ാം ഓവറിന്റെ അവസാന പന്തിൽ മടങ്ങി. ഹിംഗെക്കായിരുന്നു വിക്കറ്റ്. 15 ഓവറിൽ 200 പിന്നിട്ട രാജസ്ഥാന് ക്യാപ്റ്റൻ പരാഗിനെയും (16) നഷ്ടമായി. ഹിംഗെയുടെ മുന്നാം വിക്കറ്റായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

