ടെസ്റ്റ് മെയ്‌സ് കൈയില്‍ പിടിച്ച് ബാവുമയുടെ ‘മെഷീൻ ഗൺ’ സെലിബ്രേഷൻ; -വിഡിയോ വൈറൽ
text_fieldsലോഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട വിജയത്തോടെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരങ്ങളുടെ നിരയിലാണ് ഇനി തെംബ ബാവുമയുടെ സ്ഥാനം. 1998നുശേഷം ഒരു ഐ.സി.സി കിരീടമെന്ന ഒരു രാജ്യത്തിന്‍റെ കാത്തിരിപ്പിനാണ് ബാവുമയിലൂടെ അവസാനമായത്.
ഡബ്ല്യു.ടി.സി കിരീടവുമായി (ടെസ്റ്റ് മെയ്സ്) ബാവുമ നടത്തിയ വേറിട്ട ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സഹതാരങ്ങൾക്കൊപ്പം കിരീടം ഏറ്റുവാങ്ങിയശേഷമായിരുന്നു താരത്തിന്‍റെ ‘മെഷീൻ ഗൺ’ സെലിബ്രേഷൻ. കിരീടം കൈയില്‍ പിടിച്ച് മെഷീന്‍ ഗണ്‍ പോലെ വെടിവെക്കുന്നത് താരം അനുകരിക്കുകയായിരുന്നു. താരത്തിന്‍റെ രസകരമായ സെലിബ്രേഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്നതായിരുന്നു ലോഡ്സിലെ ഫൈനൽ മത്സരം. പേസർമാരുടെ പ്രകടനത്തിനൊപ്പം എയ്ഡൻ മാർക്രമിന്‍റെ തകർപ്പൻ സെഞ്ച്വറിയും ബാവുമയുടെ ചെറുത്തുനിൽപ്പുമാണ് പ്രോട്ടീസിന് കിരീടം സമ്മാനിച്ചത്. നിർണായക മത്സരങ്ങളിൽ കളിമറക്കുന്നുവെന്ന പേരുദോഷം കൂടിയാണ് കിരീട വിജയത്തോടെ പ്രോട്ടീസ് മാറ്റിയത്. ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചതു മുതൽ ഗ്രൗണ്ടിലെ പ്രകടനത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലും സഹതാരങ്ങളിൽനിന്നുപോലും ബാവുമക്ക് പരിഹാസം നേരിടേണ്ടി വന്നിരുന്നു.
ദക്ഷിണാഫ്രിക്കൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വർഗക്കാരനായ ബാറ്റർ എന്ന വിശേഷണമാണ് താരത്തിന് ക്രിക്കറ്റ് ലോകം നൽകിയിരുന്നത്. തന്നെ പരിഹസിച്ചവർക്കും എഴുതിത്തള്ളിയവർക്കുമുള്ള മറുപടി കൂടിയാണ് ഈ കിരീട നേട്ടം. കിരീട നേട്ടത്തിനൊപ്പം ടെസ്റ്റ് നായകനെന്ന നിലയിൽ ബാവുമ ചരിത്രം കുറിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ പരാജയമറിയാതെ ഒരു ടീമിനെ പത്തു മത്സരങ്ങളിൽ നയിക്കുകയും അതിൽ ഒമ്പതു മത്സരങ്ങൾ ജയിക്കുകയും ചെയ്ത ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 1920-21 കാലയളവിൽ ഓസീസ് നായകൻ വാർവിക്ക് ആംസ്ട്രോങ് കുറിച്ച റെക്കോഡാണ് ബാവുമ മറികടന്നത്. അന്ന് വാർവിക്ക് ടീമിനെ 10 മത്സരങ്ങളിൽ തോൽവിയറിയാതെ നയിച്ചിരുന്നു. ഇതിൽ എട്ടു ടെസ്റ്റുകളിലാണ് ടീം ജയിച്ചത്.
രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. 2023 മുതൽ ഇതുവരെ ബാവുമ നയിച്ച 10 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ദക്ഷിണാഫ്രിക്ക സമനിലയിൽ അവസാനിപ്പിച്ചത്. വെസ്റ്റിൻഡീസിനെതിരെ നാലു ടെസ്റ്റുകളും ശ്രീലങ്ക, പാകിസ്താൻ എന്നിവർക്കെതിരെ രണ്ടു വീതം ടെസ്റ്റുകളുമാണ് കളിച്ചത്. ഇന്ത്യക്കെതിരെ ഒരു ടെസ്റ്റും കളിച്ചു. ഒടുവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനെയും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

