ടെസ്റ്റ് ക്രിക്കറ്റിന്‍റെ നെറുകയിൽ ബാവുമ! തകർത്തത് 104 വർഷത്തെ റെക്കോഡ്, നേട്ടം കൈവരിക്കുന്ന ആദ്യ താരം...
text_fieldsലോഡ്സ്: ഒരു ഐ.സി.സി കിരീടത്തിനായുള്ള 27 വർഷത്തെ കാത്തിരിപ്പാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട നേട്ടത്തിലൂടെ ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചത്.
ക്രിക്കറ്റിന്‍റെ മക്കയെന്ന് അറിയപ്പെടുന്ന ലോഡ്സിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തകർത്താണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ വിശ്വകിരീടത്തിൽ തെംബ ബാവുമയും സംഘവും മുത്തമിട്ടത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സൗന്ദര്യം നിറഞ്ഞുനിന്ന ആവേശപ്പോരിൽ, പേസർമാരുടെ പ്രകടനത്തിനൊപ്പം എയ്ഡൻ മാർക്രമിന്‍റെ തകർപ്പൻ സെഞ്ച്വറിയും ബാവുമയുടെ ചെറുത്തുനിൽപ്പുമാണ് പ്രോട്ടീസിന് കിരീടം സമ്മാനിച്ചത്.
നിർണായക മത്സരങ്ങളിൽ കളിമറക്കുന്നുവെന്ന പേരുദോഷം കൂടിയാണ് കിരീട വിജയത്തോടെ പ്രോട്ടീസ് മാറ്റിയത്.
ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയിട്ടും ദക്ഷിണാഫ്രിക്ക രാജകീയമായി തിരിച്ചുവന്നു. കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മൂന്നാം വിക്കറ്റിൽ മാർക്രമും ബാവുമയും ചേർന്ന് കൂട്ടിച്ചേർത്ത 117 റൺസാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. തന്നെ പരിഹസിച്ചവർക്കും എഴുതിത്തള്ളിയവർക്കുമുള്ള മറുപടി കൂടിയാണ് ഈ കിരീട നേട്ടം.
ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ബാവുമ ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ പരാജയമറിയാതെ ഒരു ടീമിനെ പത്തു മത്സരങ്ങളിൽ നയിക്കുകയും അതിൽ ഒമ്പതു മത്സരങ്ങൾ ജയിക്കുകയും ചെയ്ത ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 1920-21 കാലയളവിൽ ഓസീസ് നായകൻ വാർവിക്ക് ആംസ്ട്രോങ് കുറിച്ച റെക്കോഡാണ് ബാവുമ മറികടന്നത്. അന്ന് വാർവിക്ക് ടീമിനെ 10 മത്സരങ്ങളിൽ തോൽവിയറിയാതെ നയിച്ചിരുന്നു. ഇതിൽ എട്ടു ടെസ്റ്റുകളിൽ ടീം ജയിക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു.
2023 മുതൽ ഇതുവരെ ബാവുമ നയിച്ച 10 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ദക്ഷിണാഫ്രിക്ക സമനിലയിൽ അവസാനിപ്പിച്ചത്. വെസ്റ്റിൻഡീസിനെതിരെ നാലു ടെസ്റ്റുകളും ശ്രീലങ്ക, പാകിസ്താൻ എന്നിവർക്കെതിരെ രണ്ടു വീതം ടെസ്റ്റുകളുമാണ് കളിച്ചത്. ഇന്ത്യക്കെതിരെ ഒരു ടെസ്റ്റും കളിച്ചു. ഒടുവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനെയും വീഴ്ത്തി.
1998ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം ഒരു ഐ.സി.സി കിരീടത്തിനായുള്ള കാത്തിരിപ്പാണ് ദക്ഷിണാഫ്രിക്ക അവസാനിച്ചത്. ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 212 റൺസെടുത്തപ്പോൾ, പ്രോട്ടീസിന്‍റെ ഒന്നാം ഇന്നിങ്സ് 138 റൺസിൽ അവസാനിത്ചതു. രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയെങ്കിലും 280 റൺസ് എന്ന വിജയലക്ഷ്യം പ്രോട്ടീസ് മറികടക്കുമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിശ്വസിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

