Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടീം സൗദി​, ക്യാപ്​റ്റൻ ഇന്ത്യ
cancel

സൗദി അറേബ്യയുടെ ദേശീയ ക്രിക്കറ്റ് ടീം ബഹ്‌റൈനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ബാങ്കോക്കിലെ ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗ്രൗണ്ടിൽ ‘2023 എ.സി.സി ചലഞ്ചർ കപ്പ്’ ഉയർത്തിയപ്പോൾ, ടീമി​ന്റെ അമരക്കാരനായുണ്ടായിരുന്നത് മുഹമ്മദ് ഹിഷാം ശൈഖ്​ എന്ന ഇന്ത്യക്കാരനായിരുന്നു. ടീം ക്യാപ്റ്റനായ ആദ്യ ടൂർണമെൻറിൽതന്നെ ചാമ്പ്യന്മാരായ സന്തോഷത്തിലായ ഹിഷാം ശൈഖ്​ സംസാരിക്കുന്നു.

സൗദി ദേശീയ ടീമിലേക്ക്

കോച്ച് കബീർ ഖാ​െൻറ നേതൃത്വത്തിലുള്ള നാഷനൽ ടീം സെലക്ഷൻ കമ്മിറ്റി നടത്തിയ നിരവധി ട്രയലുകളുടെ അടിസ്ഥാനത്തിലായിരുന്നു സൗദി ടീമിലേക്കുള്ള തിരഞ്ഞെടുപ്പ്. സൗദിക്കായി എ.സി.സി മെൻസ് ചലഞ്ചർ കപ്പ് നേടിയതാണ് ഏറ്റവും വലിയ ക്രിക്കറ്റ് നേട്ടമായി കാണുന്നത്. രാജ്യത്തിനുവേണ്ടി എ​െൻറ ക്യാപ്റ്റൻസിയിൽ നടക്കുന്ന ആദ്യ ടൂർണമെന്റ്.

പിതാവ് മുഹമ്മദ് അക്തർ ശൈഖ് വളരെ ചെറുപ്പം മുതലേ എന്നെയും എ​െൻറ സഹോദരങ്ങളെയും ക്രിക്കറ്റ് പരിശീലിപ്പിച്ചിരുന്നു. അന്നു മുതലേ ക്രിക്കറ്റിനോട് ആവേശമായിരുന്നു. സ്‌കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ക്രിക്കറ്റിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ തുടങ്ങി. 1970കളിൽ പിതാവ് ഒരു പ്രഫഷനൽ ക്രിക്കറ്റ് കളിക്കാരനായിരുന്നു. അദ്ദേഹം ബോംബെ സ്കൂൾ ക്രിക്കറ്റ് ടീമിനും മറ്റു വിവിധ ക്രിക്കറ്റ് ക്ലബുകൾക്കും വേണ്ടി കളിച്ചിട്ടുണ്ട്. റിയാദ് ക്രിക്കറ്റ് അസോസിയേഷൻ ടൂർണമെൻറുകളിൽ കളിച്ചിരുന്ന അദ്ദേഹം ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ റിയാദ്, മിഡിലീസ്​റ്റ്​ സ്‌കൂൾ റിയാദ് ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായിരുന്നു.

സൗദിയിലെ ക്രിക്കറ്റ്

ക്രിക്കറ്റിനെ പ്രഫഷനലായി സമീപിക്കാനുള്ള നടപടികൾ സൗദി ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സൗദി ടൂറിസം, സൗദി അരാംകോ തുടങ്ങിയ സ്ഥാപനങ്ങൾ ഐ.പി.എല്ലിന്റെ ഭാഗമായതും ഇർഫാൻ പത്താൻ, കെവിൻ പീറ്റേഴ്സൺ, വസീം അക്രം തുടങ്ങിയ കളിയിലെ മുൻകാല ഇതിഹാസങ്ങളെ സൗദിയിലേക്ക് സ്വാഗതം ചെയ്തതുമെല്ലാം ക്രിക്കറ്റിനെ കൂടുതൽ ഗൗരവമായി സമീപിക്കുന്നതി​െൻറ ഭാഗമായാണ്. ലോകത്തെ എല്ലാ പ്രമുഖ താരങ്ങളും ഇവിടെ വന്ന് ക്രിക്കറ്റ് കളിക്കുന്ന ഒരു പ്ലാറ്റ്ഫോം ഒരുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. സൗദിയിൽ ക്രിക്കറ്റ് സ്വാധീനമുള്ള കളിയായി വളരുമെന്നു തന്നെയാണ് പ്രതീക്ഷ. വരും വർഷങ്ങളിൽ ക്രിക്കറ്റ് താരങ്ങൾക്കും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിചാരിക്കുന്നത്.

കോഹ്‌ലി പ്രിയതാരം

വിരാട് കോഹ്‌ലി തന്നെയാണ് പ്രിയപ്പെട്ട താരം. 19 വയസ്സിനു താഴെയുള്ള സമയം മുതൽ ഈ കാലഘട്ടം വരെ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ച കളിക്കാരനാണ് അദ്ദേഹം. കോഹ്‌ലിയുടെ ആക്രമണോത്സുക രീതിയും വാക്ക് പാലിക്കുന്ന വ്യക്തിത്വവുമാണ് ഏറ്റവും ഇഷ്ടം. എ​െൻറ സ്വഭാവവുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന താരമാണ് കോഹ്‍ലി.

സൗദിയിലെ ക്രിക്കറ്റിനെ ലോക ഭൂപടത്തിലേക്ക് കൊണ്ടുവരുകയെന്നതാണ് മുമ്പിലുള്ള ലക്ഷ്യം. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് നേടാനാണ് ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ആഗ്രഹിക്കുന്നത്.

ലോക നിലവാരത്തിലേക്ക്

സൗദി ക്രിക്കറ്റ് ടീം എ.സി.സി പ്രീമിയർ കപ്പിന് യോഗ്യത നേടി. ഇതോടെ പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടുന്നതിന് ഒരുപടികൂടി അടുത്തിരിക്കുന്നു. അടുത്തിടെ പാകിസ്താനിലെ ടൂർണമെൻറിൽ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സൗദി ടീം ലോകക്രിക്കറ്റിലെ നിലവാരമുള്ള ടീം ആയി ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഏതൊരു അസോസിയറ്റ് രാജ്യത്തിനുവേണ്ടി കളിക്കുന്ന ക്രിക്കറ്ററുടെയും ഏറ്റവും വലിയ വെല്ലുവിളി ക്രിക്കറ്റിനൊപ്പം ജോലിയും പഠനവുമൊക്കെ കൈകാര്യം ചെയ്യുക എന്നതാണ്. അസോസി​േയറ്റ് നേഷൻസിനുവേണ്ടി കളിക്കുന്ന ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങൾക്കും ഇതൊരു പ്രശ്നമായിരിക്കുമെന്ന് കരുതുന്നു. കൃത്യനിഷ്ഠയിലൂടെയും സമയക്രമീകരണത്തിലൂടെയും വ്യത്യസ്ത കാര്യങ്ങൾ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാമെന്നതിനുള്ള ട്രെയിനിങ് കൂടിയാണിത്.

വരും വർഷങ്ങളിൽ ഐ.പി.എൽ മത്സരങ്ങൾ സൗദിയിൽ നടക്കുമെന്ന് വിശ്വസിക്കുന്നു. ഇത് ഞങ്ങളുടെ ക്യാമ്പിനുള്ളിൽ വളരെയധികം പോസിറ്റിവിറ്റിയും ഐ.പി.‌എല്ലിൽ കളിക്കുക എന്ന സാധ്യതയും തുറന്നിടുന്നുണ്ട്.

കുടുംബവും കുട്ടിക്കാലവും

1996ൽ ദമ്മാമിലാണ് ഞാൻ ജനിച്ചത്. പിതാവും മുത്തച്ഛനുമെല്ലാം മുംബൈയിൽ വിവിധ ടീമുകൾക്കായി ക്രിക്കറ്റ് കളിച്ചവരായിരുന്നു. ഞങ്ങൾ മംഗലാപുരത്തുകാരാണെങ്കിലും തലമുറകൾക്കു മു​േമ്പ മുംബൈയിൽ സ്ഥിരതാമസമാക്കിയവരാണ്. ക്രിക്കറ്റിനോടുള്ള അഭിനിവേശവുമായി മുന്നോട്ടുപോകാൻ എന്നെ പിന്തുണച്ച ഞങ്ങളുടെ കുടുംബത്തി​െൻറ നട്ടെല്ലാണ് എ​െൻറ മാതാവ് സാദിഖ പർവീൺ. ദമ്മാമിൽ ജനിച്ചുവളർന്നു, പിന്നീട് പിതാവി​െൻറ ജോലി ആവശ്യാർഥം റിയാദിലേക്ക് മാറി. റിയാദിൽ മിഡിലീസ്റ്റ് സ്കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. അതിനുശേഷം റിയാദ് എംബസി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തീകരിച്ച് മെക്കാനിക്കൽ എൻജിനീയറിങ്​ പഠനത്തിനായി ബാംഗ്ലൂർ ബി.എം.എസ് കോളജിൽ ചേർന്നു. രണ്ടു സഹോദരിമാരും പിതാവും മാതാവുമടങ്ങുന്ന ഇടത്തരം കുടുംബമാണ്. ഇപ്പോൾ ഭാര്യ രിദാ ആബിദിനൊപ്പം റിയാദിൽ താമസിക്കുന്നു, പ്രോജക്ട് എൻജിനീയറായി ജോലിചെയ്യുന്നു.

ചെറുപ്പത്തിൽ ഒരു വിക്കറ്റ് കീപ്പറായും ബാറ്ററായും തുടങ്ങിയതാണ്. എന്നാൽ എൻജിനീയറിങ്​ പഠനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് ബൗളിങ്ങിൽ ശ്രമം നടത്തിത്തുടങ്ങിയത്. ബംഗളൂരുവിൽ ഒരുപാട് ക്രിക്കറ്റ് പ്രതിഭകളുടെ കൂടെ കളിക്കാൻ സാധിച്ചതും വഴിത്തിരിവായി. അന്നുമുതൽ ബാറ്റിങ്ങി​െൻറ കൂടെ ഫാസ്റ്റ് ബൗളിങ്ങിലും ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ ഞാൻ സൗദി അറേബ്യയുടെ ബാറ്റിങ്​ ഓൾറൗണ്ടറാണ്. നിലവിൽ സൗദി ടീമിൽ കൂടുതലും ഇന്ത്യക്കാരും പാകിസ്താനികളുമാണ്.

(റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Show Full Article
TAGS:Team SaudiCaptain India
News Summary - Team Saudi, Captain India
Next Story