ടീം ഇന്ത്യ കാത്തിരിക്കുന്നു; വിരാട് കോഹ്ലിയെന്ന സൂപ്പർമാന്റെ രണ്ടാം വരവിന്
text_fieldsഅഹ്മദാബാദ്: ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങളിലേക്ക് അവസാന ചുവടുകൾ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ നിറഞ്ഞാടിയ രണ്ടാം ഏകദിനത്തിൽ പരമ്പര വിജയം ഉറപ്പാക്കിയ ടീം ഇന്ത്യ കാത്തിരിക്കുന്നത് വിരാട് കോഹ്ലിയെന്ന സൂപ്പർമാന്റെ രണ്ടാം വരവ്. സമീപകാലത്തെ മോശം ഫോം മാറ്റിനിർത്തി സ്വതസിദ്ധമായ കേളീശൈലിയുമായി വിരാട് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേയുള്ള അവസാന ഏകദിനത്തിൽ കളി കേമമാക്കുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയമേറ്റുവാങ്ങിയ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ഏകദിനം.
രോഹിതിന്റെ സെഞ്ച്വറി കരുത്താക്കി കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. 90 പന്തിൽ 119 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന. സമാനമായി, കോഹ്ലി 89 റൺസ് നേടി 14,000 റൺസ് എന്ന അപൂർവ ഏകദിന റെക്കോഡിലേക്ക് അഹ്മദാബാദ് മൈതാനത്ത് ബാറ്റുവീശിക്കയറുമെന്നാണ് പ്രതീക്ഷ. നിലവിൽ, ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായ ആധികളില്ലാതെയാണ് ഇന്ത്യ കളി നയിക്കുന്നത്. ബൗളിങ്ങിൽ വരുൺ ചക്രവർത്തികൂടി എത്തിയത് സ്പിന്നിന് മൂർച്ച കൂട്ടിയിട്ടുണ്ട്. പേസിൽ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവും പ്രതീക്ഷയാണ്. ജസ്പ്രീത് ബുംറയുടെ പരിക്ക് ചാമ്പ്യൻസ് ട്രോഫിയിലെ സാന്നിധ്യം മുടക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് വരുണിന്റെയും ഷമിയുടെയും വരവ്. നിലവിൽ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിശ്രമത്തിലാണ് ബുംറ. ബാറ്റിങ്ങിൽ രോഹിതിനൊപ്പം ആവേശം പകർന്ന് യശസ്വി ജയ്സ്വാൾ മുതൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽവരെ താരനിരയുണ്ട്. ഋഷഭ് പന്തിന് കൂടി അവസരം നൽകുമോയെന്ന് കാത്തിരുന്നു കാണണം. മധ്യനിരയിൽ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും തകർപ്പൻ ഫോമിലാണ്. അഞ്ചാമനായി ഇറങ്ങിയ അക്ഷർ രണ്ട് ഏകദിനങ്ങളിലും 52, 41 എന്നിങ്ങനെ റൺ നേടിയിരുന്നു.
മറുവശത്ത്, ആശയെക്കാളേറെ ആധികളാണ് ജോസ് ബട്ട്ലറുടെ ഇംഗ്ലണ്ടിനെ അടിമുടി ആവേശിച്ചിരിക്കുന്നത്. ട്വന്റി20യിൽ വൻ പരാജയം നേരിട്ട ടീം പിറകെ ഏകദിനത്തിലും നേരത്തേ തോൽവി സമ്മതിച്ചു. ഫിൽ സാൾട്ടും ബെൻ ഡക്കറ്റും ചേർന്ന് നൽകിയ ഓപണിങ് കൂട്ടുകെട്ട് നൽകുന്ന മികച്ച തുടക്കം പിറകെ വരുന്നവർക്ക് പ്രയോജനപ്പെടുത്താനാകുന്നില്ലെന്നതാണ് വെല്ലുവിളി. ബൗളർമാരിൽ ആദിൽ റശീദ് അടക്കം ബൗളർമാർ കരുത്തുകാട്ടിയിട്ടുണ്ടെങ്കിലും അപകടകാരികളാകാൻ ആർക്കുമായിട്ടില്ല.
ടീം ഇന്ത്യ: ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ. ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഫിലിപ്പ് സാൾട്ട്, ജാമി സ്മിത്ത്, ടോം ബാന്റൺ, ബ്രൈഡൻ കാർസെ, ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, സാഖിബ് മഹ്മൂദ്, ആദിൽ റഷീദ്, മാർക്ക് വുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

