ഇന്ത്യൻ ടീമിന്‍റെ സിംബാബ്‌വെ പര്യടനം ജൂലൈയിൽ; അഞ്ചു ട്വന്‍റി20 മത്സരങ്ങൾ കളിക്കും
text_fieldsഇന്ത്യൻ ടീം ജൂലൈയിൽ സിംബാബ്‌വെയിൽ ട്വന്‍റി20 പരമ്പര കളിക്കും. ജൂലൈ ആറു മുതൽ 14 വരെ നടക്കുന്ന പരമ്പരയിൽ അഞ്ചു ട്വന്‍റി20 മത്സരങ്ങളാണ് കളിക്കുക.
ട്വന്‍റി20 ലോകകപ്പിനുശേഷമാകും പര്യടനം. ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയമാണ് അഞ്ചു മത്സരങ്ങൾക്കും വേദിയാകുക. ഇതിനു മുമ്പുള്ള മൂന്നു പര്യടനങ്ങളിലും ട്വന്‍റി20 മത്സരങ്ങൾക്ക് വേദിയായത് ഹരാരെ സ്റ്റേഡിയമാണ്. ബി.സി.സി.ഐയും സിംബാബ്‌വെ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പരമ്പര നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എട്ടു വർഷം മുമ്പാണ് അവസാനമായി ഇന്ത്യ സിംബാബ്‌വെയിൽ കളിക്കാൻ പോയത്. 2016ൽ നടന്ന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. 2015ൽ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര (1-1) സമനിലയിൽ പിരിഞ്ഞു. 2010ൽ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചു. സിംബാബ്‌വെയിൽ കളിച്ച ഏഴു ട്വന്‍റി20 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ജൂലൈ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഏഴ്, 10, 13, 14 തീയതികളിലാണ് ബാക്കിയുള്ള മത്സരങ്ങൾ.
‘ആഗോള ക്രിക്കറ്റിന് സംഭാവന നൽകുന്നതിൽ ബി.സി.സി.ഐ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സിംബാബ്‌വെയുടെ പുനർനിർമാണ കാലഘട്ടമാണിത്, ഈ ഘട്ടത്തിൽ സിംബാബ്‌വെ ക്രിക്കറ്റിന് ഞങ്ങളുടെ പിന്തുണ ആവശ്യമാണ്’ -ബി.സി.സി.ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

