ഹസ്തദാന വിവാദത്തിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ശശി തരൂർ; 'കളിക്കാൻ തീരുമാനിച്ചാൽ ആ സ്പിരിറ്റിൽ തന്നെ കളിക്കണം, കാർഗിൽ യുദ്ധ സമയത്ത് പോലും കൈകൊടുത്തിട്ടുണ്ട്'
text_fieldsന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ ഹസ്തദാന വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ. കളിക്കാൻ തീരുമാനിച്ചാൽ അതിന്റെ സ്പിരിറ്റിൽ തന്നെ കളിക്കണമെന്നും കാർഗിൽ യുദ്ധ സമയത്ത് പോലും ഇന്ത്യ ടീം പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പാകിസ്താനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെങ്കിൽ, ഇന്ത്യൻ ടീം പാകിസ്താനുമായി കളിക്കാൻ പാടില്ലായിരുന്നു. പക്ഷേ, അവരുമായി നമ്മൾ കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽ തന്നെ കളിക്കണം. താരങ്ങൾക്ക് ഹസ്തദാനം നൽകണമായിരുന്നു. 1999-ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ പോലും നമ്മൾ ഇങ്ങനെ ചെയ്തിട്ടുണ്ട്.
രാജ്യത്തിനായി സൈനികർ മരിക്കുന്ന ദിവസം, ഇംഗ്ലണ്ടിൽ പാകിസ്താനെതിരെ ലോകകപ്പ് കളിക്കുകയായിരുന്നു ഇന്ത്യ. കളിയുടെ സ്പിരിറ്റ് രാജ്യങ്ങൾക്കിടയിലും സൈന്യങ്ങൾക്കിടയിലും മറ്റും നടക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒന്നായതിനാൽ നമ്മൾ ഹസ്താദാനം നൽകിയിരുന്നു. അതാണ് എന്റെ നിലപാട്'-തരൂർ പറഞ്ഞു.
ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമന്റെിൽ പാകിസ്താനെതിരായ മത്സര ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ വിട്ടുനിന്നത്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനം. ഹസ്തദാനം നൽകാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നെങ്കിലും തുടർന്നുള്ള കളിയിലും ഇന്ത്യൻ ടീം അംഗങ്ങൾ ഈ നിലപാടിൽ തന്നെ തുടർന്നു.
അനുചിതമായ പെരുമാറ്റമെന്ന് കാണിച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ സാഹിബ്‌സാദ ഫർഹാനും ഹാരിസ് റൗഫും ഐ.സി.സിക്കും ബി.സി.സി.ഐക്കും പരാതിയും നൽകിയിരുന്നു. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെയാണ് പാകിസ്താൻ കുറ്റപ്പെടുത്തുന്നത്. മത്സരത്തിന് തൊട്ടുമുൻപ് ബി.സി.സി.ഐ നൽകിയ നിർദേശപ്രകാരം പൈക്രോഫ്റ്റ് ഇടപ്പെട്ടാണ് ഹസ്തദാനം മുടക്കിയെന്നാണ് ആരോപണം.
ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിനെ ടൂർണമെന്റിൽനിന്നു മാറ്റിനിർത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിസമ്മതിച്ചു. ഇതോടെ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നുവരെ പി.സി.ബി ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പൈക്രോഫ്റ്റിനെ പിന്തുണക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

