‘ഇനി തിരിച്ചുവരില്ല’; അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് ‘വീണ്ടും’ വിരമിച്ച് തമീം ഇഖ്ബാൽ
text_fieldsധാക്ക: ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2023 ജൂലൈയിൽ വിരമിക്കൽ പ്രഖ്യാപിച്ച തമീം, 24 മണിക്കൂറിനുള്ളിൽ തന്റെ തീരുമാനം പിൻവലിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നായിരുന്നു ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് വരാനിരിക്കെ വിരമിക്കൽ തീരുമാനം ഉപേക്ഷിക്കണമെന്ന സെലക്ടർമാരുടെയും സഹതാരങ്ങളുടെയും ആവശ്യം തള്ളിയാണ് ഇത്തവണ താരം കളി നിർത്തുകയാണെന്ന് അറിയിച്ചത്.
“അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് ദീർഘ നാളായി ഞാൻ വിട്ടുനിൽക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിലെ എന്റെ അധ്യായം അവസാനിച്ചിരിക്കുന്നു. കുറേ നാളുകളായി ഇക്കാര്യം ആലോചിച്ച് വരികയാണ്. ചാമ്പ്യൻസ് ട്രോഫി പോലൊരു വലിയ ടൂർണമെന്റിൽ എനിക്കു നേരെ ശ്രദ്ധ തിരിയുന്നത് ശരിയല്ലെന്ന് കരുതുന്നു. അത് ടീമിനെ ദോഷകരമായി ബാധിച്ചേക്കാം. ക്യാപ്റ്റൻ ജജ്മുൽ ഹൊസൈൻ ഷാന്റോ ഉൾപ്പെടെ ടീമിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടിരുന്നു. അവരുടെ പരിഗണനക്ക് നന്ദി. എന്നാൽ ഹൃദയം പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ താൽപര്യമില്ലാത്തതിനാലാണ് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ പുതുക്കാത്തത്. ഒരു വർഷത്തിലേറെയായി ഞാൻ ദേശീയ ടീമിനൊപ്പമില്ല. എന്നാൽ അതിനുശേഷവും നിരന്തരം അനാവശ്യ ചർച്ചകൾ നടക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല.” -തമീം ഫേസ്ബുക്കിൽ കുറിച്ചു. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയാണ്. തമീം ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരിക്കെ വിരമിക്കൽ തീരുമാനം പിൻവലിക്കുമെന്ന പ്രതീക്ഷയിലാരുന്നു ബംഗ്ലാദേശ് ടീം മാനേജ്മെന്റ്. ഇക്കഴിഞ്ഞ സീസണിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ടൂർണമെന്റിലെ താരമായത് തമീമായിരുന്നു.
ബംഗ്ലാദേശിനായി 70 ടെസ്റ്റ്, 243 ഏകദിന, 78 ടി20 മത്സരങ്ങളിൽ തമീം പാഡണിഞ്ഞിട്ടുണ്ട്. ടെസ്റ്റിൽ 5134 റൺസും ഏകദിനത്തിൽ 8357ഉം ടി20യിൽ 1758 റൺസും നേടിയിട്ടുണ്ട്. മൂന്നു ഫേർമാറ്റിലായി 25 സെഞ്ചറികളും നേടിയിട്ടുള്ള താരം ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.