ഓസീസ് മണ്ണിൽ സുന്ദര ഫിനിഷിങ്; ഹിറ്റ്മാനായി വാഷിങ് ടൺ; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം
text_fieldsവാഷിങ്ടൺ സുന്ദറിന്റെ ബാറ്റിങ്
ഹൊബാർട്ട്: ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്ക് ആദ്യ ജയം. ഹൊബർട്ടിലെ ബെല്ലറിവ് ഓവലിൽ നടന്ന മൂന്നാം ട്വന്റി20യിൽ ആസ്ട്രേലിയ ഉയർത്തിയ വലിയ ലക്ഷ്യത്തെ ഉജ്വല പോരാട്ടത്തിലൂടെ മറികടന്ന് അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം.
ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തപ്പോൾ വാഷിങ്ടൺ സുന്ദറിന്റെയും (23 പന്തിൽ 49 റൺസ്), ജിതേഷ് ശർമയുടെയും (13 പന്തിൽ 22 റൺസ്) മികവിൽ ഒമ്പത് പന്ത് ബാക്കിനിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഓസീസ് ബൗളിങ് നിര കളി കവർന്നു എന്നുറപ്പിച്ച ഘട്ടത്തിൽ അവസാന ഓവറുകളിൽ ഉജ്വലമായ ബാറ്റിങ് കാഴ്ചവെച്ചായിരുന്നു വാഷിങ്ടൺ സുന്ദറും ജിതേഷും ഇന്ത്യയെ പരമ്പരയിലെ ആദ്യ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ നാല് സിക്സും മൂന്ന് ബൗണ്ടറിയും വാഷിങ്ടണിന്റെ ബാറ്റിൽ നിന്നും പറന്നു.
സഞ്ജു സാംസണിന്റെ ഇടം കവർന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി െപ്ലയിങ് ഇലവനിൽ ഇടം നേടിയ ജിതേഷ് ശർമ അവസത്തിനൊത്തുയർന്നതും ശ്രദ്ധേയമായി. നാല് ബൗണ്ടറിയും ആ ബാറ്റിൽ നിന്ന് പിറന്നു. വിജയ റൺ കുറിച്ചതും ജിതേഷായിരുന്നു.
അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതോടെ 1-1 എന്ന നിലയിലായി. ആദ്യ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യ ആസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച ബൗളിങ്ങുമായി ആതിഥേയരെ വരിഞ്ഞുകെട്ടി കളി തുടങ്ങിയ ഇന്ത്യ നാലിന് 73 റൺസ് എന്ന നിലയിൽ ഓസീസിനെ കുരുക്കി. ന്യൂബാൾ എറിഞ്ഞ അർഷ്ദീപ് സിങ് നാലാം പന്തിൽ ഓപണർ ട്രാവിസ് ഹെഡിനെ (6) പുറത്താക്കി. അടുത്ത വരവിൽ ജോഷ് ഇഗ്ലിസിനെയും (ഒന്ന്) മടക്കി അർഷ്ദീപ് ഇന്ത്യക്ക് മികച്ച തുടക്കം തന്നെയാണ് സമ്മാനിച്ചത്.
എന്നാൽ, അഞ്ചും ആറും വിക്കറ്റുകളിൽ ടിം ഡേവിഡും (38 പന്തിൽ 74), മാർകസ് സ്റ്റോയിണിസും (39 പന്തിൽ 64) നടത്തിയ ഉജ്വല ചെറുത്തുനിൽപിന്റെ മികവിലായിരുന്നു ആസ്ട്രേലിയ പൊരുതാവുന്ന സ്കോറിലേക്കുയർന്നത്. അവസാന ഓവറുകളിൽ മാത്യൂ ഷോർടും (26) ചേർന്നതോടെ ആസ്ട്രേലിയൻ സ്കോർ 186ലേക്കുയർന്നു.
മൂന്ന് വിക്കറ്റുമായി അർഷ് ദീപ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ (25), ശുഭ്മാൻ ഗിൽ (15) എന്നിവർ ചേർന്ന് നൽകിയ തുടക്കത്തിൽ വിജയ പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, ശുഭ്മാൻ ഗില്ലിന്റെ ബാറ്റ് സ്കോർ കണ്ടെത്താൻ വിഷമിച്ചതും, പിന്നീടെത്തിയ ബാറ്റ്സ്മാൻമാർ നിലയുറപ്പിച്ച് സ്കോർ ഉയർത്താൻ പ്രയാസപ്പെട്ടതും പ്രതിസന്ധിയിലാക്കി. സൂര്യകുമാർ യാദവ് (24), തിലക് വർമ (29), അക്സർ പട്ടേൽ (17) എന്നിവരിൽ നിന്നും മാച്ച് വിന്നിങ് ഇന്നിങ്സ് പിറക്കാതായതോടെ റൺചേസിങ് വെല്ലുവിളിയായി. ഒടുവിലാണ് അഞ്ചം വിക്കറ്റിൽ തിലക് വർമക്കൊപ്പം ചേർന്ന് വാഷിങ്ടൺ സുന്ദർ അടി തുടങ്ങിയത്. അവസാന ഓവറുകളിൽ ജിതേഷ് കൂടി അടിച്ചു കളിക്കാൻ തുടങ്ങിയതോടെ വിജയം എളുപ്പമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

