ട്വന്റി 20 ലോകകപ്പ്; സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ
text_fieldsജോർജ് ലിൻഡെ
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. ഇതോടെ ടൂർണമെന്റിൽ പരാജയമറിയാതെ കുതിപ്പ് തുടരുന്ന പ്രോട്ടീസ് സെമി ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു. മാർച്ച് 4ന് നടക്കുന്ന സെമിയിൽ ന്യൂസിലൻഡാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് ടീം അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ 8 ഫോറും 4 സിക്സും ഉൾപ്പെടെ 43 പന്തിൽ 73 റൺസ് നേടിയതാണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച റാസ സിംബാബ്‌വക്കായി 3 വിക്കറ്റും നേടി. ടീം പുറത്തായെങ്കിലും കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് റാസയാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് (18 പന്തിൽ 42), റയാൻ റിക്കൽട്ടൺ (31) എന്നിവരുടെ ഇന്നിങ്‌സുകൾ ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കി. ജോർജ് ലിൻഡെ (30*), ട്രിസ്റ്റൻ സ്റ്റബ്സ് (21*) എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചതോടെ പ്രോട്ടീസ് സെമി ഉറപ്പിച്ചു.
സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിൽ നിന്ന് തകർപ്പൻ ഫോമിലാണ് ദക്ഷിണാഫ്രിക്ക മുന്നേറുന്നത്. മാർച്ച് 4ന് ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കുന്ന ഒന്നാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. സിംബാബ്‌വെയാകട്ടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

