ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയെ ആര് നയിക്കും? സമയമുണ്ടെന്ന് ജയ് ഷാ
text_fieldsരോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഏകദിന ലോകകപ്പിൽ ഇന്ത്യ കാഴ്ചവെച്ച തകർപ്പൻ പ്രകടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പൂർണ തൃപ്തിയുണ്ട്. ഫൈനലിൽ ആസ്ട്രേലിയക്കു മുന്നിൽ വീണെങ്കിലും ലീഗ് റൗണ്ടിലെ ഒമ്പതു മത്സരങ്ങളും സെമിയും ആധികാരികമായി ജയിച്ചാണ് ടീം ഇന്ത്യ കലാശപ്പോരിലെത്തുന്നത്.
ന്യൂ ഓവറുകളിൽ രോഹിത്തിന്‍റെ ബാറ്റിങ് വെടിക്കെട്ടും നായകനെന്ന നിലയിലുള്ള ഇടപെടലുകളുമാണ് ടീമിന്‍റെ കുതിപ്പിൽ നിർണായകമായത്. ലോകകപ്പ് ഫൈനലിലെ തോൽവി വിലയിരുത്താനായി അടുത്തിടെ ചേർന്ന ബി.സി.സി.ഐ യോഗത്തിൽ ട്വന്‍റി20 ലോകകപ്പിലും രോഹിത്ത് തന്നെ ടീമിനെ നയിക്കുന്നതാകും ഉചിതമെന്ന പൊതുവികാരമാണ് എല്ലാവരും പങ്കുവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ഒരു ഐ.സി.സി ടൂർണമെന്‍റിൽ കൂടി താരത്തിന് അവസരം നൽകണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. അടുത്ത ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ട്വന്‍റി20 ലോകകപ്പ് നടക്കുന്നത്. യുവനിരക്കായിരിക്കും ടീമിൽ പ്രധാന്യം നൽകുകയെന്നാണ് സൂചന. മുതിർന്ന താരങ്ങളായി രോഹിത്തും ജസ്പ്രീത് ബുംറയും ടീമിലുണ്ടായേക്കും. എന്നാൽ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ കാര്യം സംശയത്തിലാണ്.
താരത്തിന് ഇന്ത്യൻ ജഴ്സിയിൽ ട്വന്‍റി20 ടീമിലേക്ക് ഇനിയൊരു മടങ്ങിവരവിനുള്ള സാധ്യത വിരളമാണ്. ആസ്ട്രേലിയക്കെതിരെ ട്വന്‍റി20 പരമ്പരയിൽ ഇന്ത്യൻ യുവനിര തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ വർഷത്തെ ലോകകപ്പിനുശേഷം രോഹിത് ഇന്ത്യക്കായി ട്വന്‍റി20 കളിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. കണങ്കാലിന് പരിക്കേറ്റ് ഏകദിന ലോകകപ്പിൽനിന്ന് പുറത്തായ ഹാർദിക് നിലവിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലാണ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ട്വന്‍റി20യിലും സൂര്യകുമാർ യാദവ് തന്നെയാണ് ടീമിനെ നയിക്കുന്നത്. ഹാർദിക്ക് പരിക്കിൽനിന്ന് പൂർണമായി മോചിതനായിട്ടില്ലെങ്കിൽ അഫ്ഗാനിസ്താനെതിരെ നടക്കുന്ന ട്വന്‍റി20 പരമ്പരയിലും സൂര്യകുമാർ തന്നെയാകും ടീമിനെ നയിക്കുക. ‘ജൂണിലാണ് ട്വന്‍റി20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനു മുമ്പായി ഐ.പി.എല്ലും ജനുവരിയിൽ അഫ്ഗാനെതിരെ പരമ്പരയുമുണ്ട്. സമയമുണ്ട്, ഞങ്ങൾ മികച്ച തീരുമാനം കൈക്കൊള്ളും’ -ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ഹാർദിക്കിനെ ദിവസവും നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലുള്ള താരം കഠിന പരിശ്രമത്തിലാണെന്നും അഫ്ഗാൻ പരമ്പരക്കു മുമ്പായി താരം കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജയ് ഷാ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

