അവസാന പന്തുവരെ ആവേശം; വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി; ഇന്ത്യക്ക് അഞ്ചു റൺസ് ജയം
text_fieldsഅഡലെയ്ഡ്: ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ അഞ്ചു റൺസിനാണ് ഇന്ത്യയുടെ വിജയം.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. ഗ്രൂപിൽ ആറു പോയന്‍റുമായി ഒന്നാമതാണ്.
അടുത്ത മത്സരത്തിൽ സിബാബ്വെക്കെതിരെ ജയിച്ചാൽ ഇന്ത്യക്ക് സെമിയിലെത്താനാകും. ഓപ്പണർ ലിറ്റണ്‍ ദാസ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് നൽകിയത്. 21 പന്തില്‍ താരം അർധ സെഞ്ച്വറി കുറിച്ചു. ടീം ഏഴു ഓവറിൽ 66 റൺസെടുത്ത് നിൽക്കെയാണ് ഇന്ത്യക്ക് തിരിച്ചടിയായി മഴയെത്തുന്നത്. അൽപസമയത്തിനകം 16 ഓവറിൽ വിജയലക്ഷ്യം 151 റൺസാക്കി ചുരുക്കി മത്സരം പുനരാരംഭിക്കുകയായിരുന്നു.
27 പന്തിൽ 60 റൺസെടുത്ത് ലിറ്റൺ ദാസ് റണ്ണൗട്ടായി. പിന്നാലെ 25 പന്തിൽ 21 റൺസുമായി നജ്മുൽ ഹുസൈൻ ഷാന്റോയും മടങ്ങി. അഫീഫ് ഹുസൈൻ അഞ്ചു പന്തിൽ മൂന്നു റൺസെടുത്തു. നായകൻ ഷക്കീബ് അൽ ഹസൻ 13 റൺസും യാസിർ അലി മൂന്നു പന്തിൽ ഒരു റൺസും മൊസദ്ദെക് ഹുസൈൻ മൂന്നു പന്തിൽ ആറു റൺസുമായി മടങ്ങി. 25 റൺസുമായി നൂറുൽ ഹസനും 12 റൺസുമായി തസ്കീൻ അഹ്മദും പുറത്താകാതെ നിന്നു.
അവസാന രണ്ടു ഓവറിൽ ജയിക്കാൻ 31 റൺസ് വേണ്ടിയിരുന്നു. ഹാർദിക്കിന്‍റെ 19ാം ഓവറിൽ ഒരോ സിക്സും ഫോറും ഉൾപ്പെടെ 11 റൺസ് വഴങ്ങി. ഇതോടെ ആറു പന്തിൽ 20 റൺസായി വിജയ ലക്ഷ്യം. അവസാന ഓവർ എറിയാനെത്തിയത് അർഷ്ദീപ് സിങ്. എന്നാൽ, ഒരു സിക്സ് ഉൾപ്പെടെ 14 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് 184 റണ്‍സെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ നായകൻ രോഹിത് ശർമ (എട്ട് പന്തിൽ രണ്ട് റൺസ്) പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോഹ്‌ലിയെ കൂട്ടുപിടിച്ച് രാഹുൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോർ ഉയർന്നു. 32 പന്തിൽ 52 റൺസെടുത്താണ് രാഹുൽ പുറത്തായത്. കഴിഞ്ഞ മത്സരങ്ങളിൽ നിറംമങ്ങിയ താരം, വിമർശകർക്ക് ബാറ്റിങ്ങിലൂടെ മറുപടി നൽകി.
ഇന്ത്യയുടെ സ്‌കോർ 78 എത്തിനിൽക്കെ രാഹുൽ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും കോഹ്‌ലിയും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തിൽ 30 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്.
ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റൻ സ്‌കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആർ. അശ്വിനും കോഹ്‌ലിയും തകർത്തടിച്ചതോടെ സ്‌കോർ 184ൽ എത്തുകയായിരുന്നു. 44 പന്തിൽ 64 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി അസൻ മഹ്മൂദ് മൂന്നും ഷക്കീബ് അൽ ഹസൻ രണ്ടു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

