ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ തീയതിയായി
text_fieldsന്യൂഡൽഹി: ഓരോ ഐ.സി.സി ടൂർണമെന്റ് വരുേമ്പാഴും ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനാണ്. ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിൽ അയൽക്കാർ ഒരേ ഗ്രൂപ്പിൽ വന്നതോടെ 'ബ്ലോക്ക്ബസ്റ്റർ' മത്സരത്തിന് വീണ്ടും അരങ്ങൊരുങ്ങിയിരിക്കുന്നു.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ തീയതി പുറത്ത് വന്നു. ഒക്ടോബർ 24ന് ദുബൈയിൽ വെച്ചാകും ഇന്ത്യ-പാക് മത്സരമെന്ന് സംഘാടകരുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പുകൾ കഴിഞ്ഞ മാസമാണ് ഐ.സി.സി പ്രഖ്യാപിച്ചത്. സൂപ്പർ 12ൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനും ഇടംനേടിയത്.
2021 മാർച്ച് 20ലെ റാങ്കിങ് പ്രകാരമാണ് ഗ്രൂപ്പുകൾ തരംതിരിച്ചത്. നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നിൽ പരസ്പരം പോരാടുക. ഒന്നാം റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും ഓരോ ഗ്രൂപ്പുകളിലുമുണ്ടാകും. ഇന്ത്യക്കും പാകിസ്താനും പുറമേ ന്യൂസിലൻഡും അഫ്ഗാനിസ്താനുമാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകൾ.
യോഗ്യത റൗണ്ട് കളിച്ചെത്തുന്ന അയർലൻഡ്, നെതർലൻഡ്സ്, നമീബിയ, സ്കോട്ലൻഡ്, പാപുവ ന്യൂ ഗിനിയ, ഒമാൻ എന്നീ ടീമുകളോട് ഏറ്റുമുട്ടിയിട്ട് വേണം ശ്രീലങ്കക്കും ബംഗ്ലാദേശിനും സൂപ്പർ 12 ടീമുകളുടെ ഗ്രൂപ്പിൽ ഇടംപിടിക്കാൻ.

