ടി20 ലോകകപ്പ് സെമി: ടോസ് ഇംഗ്ലണ്ടിന്; ടീമിൽ മാറ്റങ്ങളില്ലാതെ ഇന്ത്യ
text_fieldsമുംബൈ: ട്വന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെ തകർത്ത ടീമിൽ മാറ്റങ്ങളില്ലാതെയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും നിർണായക പോരാട്ടത്തിനിറങ്ങുന്നത്. ടോസ് ലഭിച്ചിരുന്നെങ്കിൽ ആദ്യം ബാറ്റുചെയ്യാൻ തന്നെയായിരുന്നു താല്‍പര്യമെന്ന് സൂര്യകുമാർ യാദവ് പ്രതികരിച്ചു. സ്പിന്നർ റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടൻ പ്ലേയിങ് ഇലവനിലെത്തി. ആതിഥേയരെന്ന നിലയിലും കിരീട ഫേവറിറ്റുകളെന്ന നിലയിലും വലിയ സമ്മർദ്ദത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യയുടെ ടോപ് ഓർഡർ പ്രകടനം മത്സരത്തിൽ നിർണായകമാകും. വിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. എന്നാൽ ജോഫ്രാ ആർച്ചർക്കെതിരായ മുൻ റെക്കോർഡുകൾ സഞ്ജുവിന് ചെറിയ വെല്ലുവിളിയായേക്കാം. അതേസമയം, മോശം ഫോമിലൂടെ കടന്നുപോകുന്ന ഓപ്പണർ അഭിഷേക് ശർമയുടെ കാര്യത്തിൽ ടീമിന് ആശങ്കയുണ്ടെങ്കിലും ഇന്ത്യൻ ബോളിങ് പരിശീലകൻ മോണി മോർക്കൽ താരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സിംബാബ്‌വെയ്ക്കെതിരെ നേടിയ അർധസെഞ്ചറി ഒഴിച്ചാൽ ഈ ടൂർണമെന്റിൽ തിളങ്ങാൻ താരത്തിനായിട്ടില്ല. എന്നാൽ, ഒരു വർഷം മുൻപ് ഇതേ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ 135 റൺസ് അടിച്ചെടുത്ത ചരിത്രം അഭിഷേകിന് ആത്മവിശ്വാസം നൽകും.
ഓൾറൗണ്ടർ വിൽ ജാക്സിന്റെ മികച്ച ഫോമാണ് ഇംഗ്ലണ്ടിന്റെ പ്രധാന കരുത്ത്. ഏഴാമനായി ഇറങ്ങി ടൂർണമെന്റിൽ 191 റൺസ് അടിച്ചുകൂട്ടിയ താരം നാല് തവണയാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. നായകൻ ഹാരി ബ്രൂക്ക്, ടോം ബാന്റൻ, സാം കറൻ എന്നിവരും മികച്ച ഫോമിലാണ്. എന്നാൽ, ഓപ്പണർമാരായ ജോസ് ബട്‌ലറും ഫിൽ സോൾട്ടും താളം കണ്ടെത്താൻ വിഷമിക്കുന്നത് അവർക്ക് തിരിച്ചടിയാണ്. എങ്കിലും ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ബട്‌ലറെ സൂക്ഷിക്കേണ്ടതുണ്ട്.
ഇന്ത്യൻ നിരയിൽ മധ്യ ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതാണ് പ്രധാന ആശങ്ക. വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും സ്പിൻ മികവ് വീണ്ടെടുക്കേണ്ടതുണ്ട്. പേസ് നിരയിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും നൽകുന്ന മികച്ച തുടക്കങ്ങൾ ഇന്ത്യക്ക് വലിയ ആശ്വാസമാണ്. വാങ്കഡെയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും പേസർമാർക്കും ഇവിടെ മികച്ച പിന്തുണ ലഭിച്ചേക്കാം.
പ്ലേയിങ് ഇലവൻ:
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൻ, സാം കറൻ, വിൽ ജാക്സ്, ജെയ്മി ഓവർട്ടൻ, ലിയാം ഡോസൻ, ജോഫ്ര ആര്‍ച്ചർ, ആദിൽ റാഷിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

