സ്വപ്ന സാക്ഷാത്കാരത്തിൻെറ ദിനമായിരുന്നു തമിഴ്നാട്ടുകാരൻ ടി നടരാജന് ഇത്. 29 വയസുവരെ കൊണ്ടു നടന്ന ആഗ്രഹം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെ ജഴ്സി അണിഞ്ഞ് പന്തെറിയാനുള്ള മോഹം ഒടുവിൽ പൂവണിഞ്ഞു. അതും കരുത്തരായ ആസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ. അപ്രതീക്ഷിതമായി എത്തിയ ആ വിളിക്ക് നടരാജൻ രണ്ടു വിക്കറ്റ് പിഴുതെടുത്ത് ക്യാപ്റ്റനും സെലക്ടർമാർക്കും വരവ് അറിയിക്കുകയും ചെയ്തു.
ആ രണ്ടു വിക്കറ്റുകൾക്ക് ജയത്തോളം മൂല്യവുമുണ്ടായിരുന്നു എന്നതാണ് സത്യം. പരമ്പര കൈവിട്ട മൂന്നാം മത്സരത്തിൽ നടരാജൻ നേടിയ മാർനസ് ലബൂഷെയ്നിൻെറയും ആഷ്ടൺ ആഗറിൻെറയും വിക്കറ്റുകൾ മത്സരത്തിൻെറ ഗതി നിർണയിച്ചു.
ദാരിദ്ര്യം മാറാൻ ബോളെടുത്ത കഥ
അരങ്ങേറ്റ മത്സരത്തിൽ രണ്ടു വിക്കറ്റ് നേടുന്ന താരം എന്നത് ക്രിക്കറ്റിൽ വലിയ കര്യമല്ല. എന്നാൽ ടി നടരാജൻ എന്ന കളിക്കാരൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ കഥ അത്ഭുതമുള്ളതാണ്.
ചെന്നൈയില്‍ നിന്നും ഏകദേശം 340 കി.മി അകലെയുള്ള ചിന്നപ്പാംപാട്ടിയിൽ ഒരു ദിവസത്തെ അന്നത്തിന്ന് വകയില്ലാത്ത കുടുംബത്തിലായിരുന്നു നടരാജൻെറ ജനനം. കൂലിപ്പണിക്കാരനായ സേലത്തുകാരൻെറയും സാരി കമ്പനിയിൽ ജോലിക്കാരിയായ ചിന്നപ്പാംപാട്ടി സ്വദേശിയുടെയും മൂത്ത മകനായി ജനനം. അഞ്ചു മക്കളുള്ള കുടുംബത്തിൻെറ ഭാരം മുഴുവൻ നടരാജൻെറ ചുമലിൽ. എങ്കിലും ചെറുപ്പം മുതലെ ക്രിക്കറ്റിനോടുള്ള കമ്പം കൂടെക്കൂട്ടി. ജോലിയും ഒപ്പം കളിയുമായി മുന്നോട്ട്. പട്ടിണി മാറ്റാനുള്ള ശ്രമത്തിൽ പള്ളിക്കൂടം സന്ദർശിക്കുന്നത് സ്വപ്നത്തിപോലും ഉണ്ടായിരുന്നില്ല.
ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. 20 വയസുവരെ ആ പന്തു മാത്രമാണ് എറിയാൻ കിട്ടിയത്. 2011ൽ തമിഴ്‌നാട് ലീഗിലെ നാലാം ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചു. അവിടുന്നാണ് നടരാജൻെറ കരിയറിലെ ടേണിങ് പോയൻറ്. മനോഹരമായി ഇടംൈങ്ക കൊണ്ട് ഫാസ്റ്റ് ബൗൾ എറിയുന്ന പയ്യനെ ജയപ്രകാശ് എന്ന പരിശീലകൻ കാണുന്നു.
അദ്ദേഹം നടരാജനെ കൂടെക്കൂട്ടി അറിവുകൾ പകർന്നു. അദ്ദേഹമാണ് നടരാജനെ പ്രഫഷണൽ ക്രിക്കറ്റിലേക്ക് എത്തിക്കുന്നത്. 2015 നടരാജൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു.
എന്നാൽ, അന്ന് ആക്ഷൻ വിവാദത്തിൽ പെട്ടതോടെ തിരിച്ചടി നേരിട്ടു. എന്നാൽ, താരം പിന്മാറിയില്ല. തമിഴ്നാട്ടിലെ തന്നെ വെറ്റററൻ ബൗളർമാരുടെ സഹായം തേടി തൻെറ ബൗളിങ് മിനുക്കിയെടുത്തു. പിന്നീട് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്ന് 2017ലെ ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മൂന്നു കോടി രൂപയ്ക്കു നടരാജനെ വാങ്ങുകയും ചെയ്തു. എന്നാല്‍ പഞ്ചാബിനു വേണ്ടി ആറു മല്‍സരങ്ങള്‍ കളിച്ച പേസര്‍ക്കു രണ്ടു വിക്കറ്റ് മാത്രമേ നേടാനായുള്ളൂ. സീസണിനു ശേഷം പഞ്ചാബ് നടരാജനെ ഒഴിവാക്കുകയും ചെയ്തു.
അവസരത്തിനായി വീണ്ടും കാത്തിരിപ്പ്
എങ്കിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും നടരാജന്‍ മികവ് തുടര്‍ന്നു. ഇത് സണ്‍റൈസേഴ്‌സ് ബൗളിങ് കോച്ചായ മുത്തയ്യ മുരളീധരൻെറ ശ്രദ്ധയില്‍ പെടുകയായിരുന്നു. അദ്ദേഹത്തിൻെറ നിര്‍ദേശത്തെ തുടര്‍ന്നാണ് നടരാജനെ സണ്‍റൈസേഴ്‌സ് ലേലത്തില്‍ വാങ്ങിയത്. ആദ്യ സീസണില്‍ വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ സീസണിൽ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ടീമിൻെറ മുഴുവന്‍ മല്‍സരങ്ങളിലും നടരാജന് ബൗള്‍ ചെയ്യാന്‍ അവസരം നല്‍കി. ക്യാപ്റ്റൻെറ വിശ്വാസം അദ്ദേഹം കാക്കുകയും ചെയ്തു. റാഷിദ് ഖാന് പിറകില്‍ സീസണില്‍ ടീമിനു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായും നടരാജന്‍ മാറി. ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി ലഭിച്ച സൺറൈസേഴ്സ് താരം ടി.നടരാജനെ ആസ്ട്രേലിയയിലേക്ക് വാർണർ സ്വാഗതം ചെയ്തതും വാർത്തയായി.
ഒടുവിൽ ഇന്ത്യൻ ടീമിൽ
ടീമിലേക്കുള്ള നാടകീയമായ വരവുപോലെ തികച്ചും നാടകീയമായിട്ടാണ് നടരാജന് കാൻബറ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളിൽ മുഹമ്മദ് ഷമി-ജസ്പ്രീത് ബുമ്ര-നവ്ദീപ് സെയ്നി ത്രയം ക്ലിക്കാകാതെ പോയതോടെയാണ് മൂന്നാം ഏകദിനത്തിൽ തന്നെ നടരാജൻ അവസരം ലഭിച്ചത്. ഇതിൽ ഷമി, സെയ്നി എന്നിവർക്കു പകരം നടരാജനും ഷാർദുൽ താക്കൂറും ടീമിൽ ഇടംപിടിക്കുകയായിരുന്നു.
ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുമ്പോൾ നെറ്റ് ബൗളറായി മാത്രം സിലക്ടർമാർ ഉൾപ്പെടുത്തിയ താരമായിരുന്നു നടരാജൻ. പക്ഷേ, ആദ്യമായി ടീമിൽ ഇടം ലഭിച്ച തമിഴ്നാട്ടിൽനിന്നു തന്നെയുള്ള വരുൺ ചക്രവർത്തി പരുക്കേറ്റ് പുറത്തായതോടെയാണ് നടരാജന് നെറ്റ് ബോളറിൽനിന്ന് ടീമംഗമായി സ്ഥാനക്കയറ്റം ലഭിച്ചത്. യോര്‍ക്കര്‍ മെഷീനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന നടരാജന്‍ ഏകദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 232ാമത്തെ താരമായി മാറി. ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യന്‍ ക്യാപ്പ് നടരാജന് സമ്മാനിച്ചത്.