കാൻബറ: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ആശ്വാസ ജയം തേടിയിറങ്ങുന്ന ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസീസ് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ യഥാക്രമം 66, 51 റൺസുകൾക്കായിരുന്നു കംഗാരുക്കളുടെ ജയം.
ആസ്ട്രേലിയക്കായി കാമറൂൺ ഗ്രീനും ഇന്ത്യക്കായി ടി. നടരാജനും അരങ്ങേറ്റം കുറിക്കും. നടരാജനൊപ്പം ശുഭ്മാൻ ഗിൽ, ശർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടി.
നവ്ദീപ് സെയ്നി, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചഹൽ, മായങ്ക് അഗർവാൾ എന്നിവരെയാണ് പുറത്തിരുത്തിയത്. കാമറൂൺ ഗ്രീൻ, സീൻ അബോട്ട്, ആഷ്ടൺ അഗർ എന്നീ താരങ്ങൾക്ക് ഓസീസ് അവസരം നൽകി.
പരിക്കേറ്റ ഓപണർ ഡേവിഡ് വാർണറും മിച്ചൽ സ്റ്റാർക്കും ഇല്ലാതെയാണ് ഓസീസ് പോരിനിറങ്ങുന്നത്. പേസർ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വാർണറുടെ അഭാവത്തിൽ മാർനസ് ലബുഷെയ്ൻ ആകും ഓസീസ് ഇന്നിങ്സ് ഓപൺ ചെയ്യുക.