‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു, ഒരുപാട് താരങ്ങൾ പിന്നാലെയുണ്ട്...’; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
text_fieldsമുംബൈ: ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് പതിവായി ധാരാളം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളുവുഡ് നടിയുടെ വെളിപ്പെടുത്തൽ. നടിയും എം.ടി.വി സ്ലിറ്റ്സ് വില്ല റിയാലിറ്റി ഷോ താരവുമായ ഖുഷി മുഖർജിയാണ് അടുത്തിടെ ഒരു പരിപാടിയിൽ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് നടിയുടെ ആരോപണം. ‘ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങൾ എന്‍റെ പിന്നാലെ വന്നിരുന്നു. സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയക്കുന്നത് പതിവായിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. എനിക്ക് അതിന് താൽപര്യവുമില്ല. എന്നെ ഉൾപ്പെടുത്തിയുള്ള ഒരു തരത്തിലുള്ള അഭ്യൂഹങ്ങളിലും താൽപര്യമില്ല’ -സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നടി പറയുന്നു. വിഡിയോ വ്യാപകമായി പ്രചരിക്കുമ്പോഴും സൂര്യകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ സൂര്യയും ഭാര്യ ദേവിഷ ഷെട്ടിയും ആന്ധ്രപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഫെബ്രുവരിയിൽ ട്വന്‍റി20 ലോകകപ്പ് നടക്കാനിരിക്കെയാണ് താരത്തിന്‍റെ സന്ദർശനം. അതിനു മുമ്പായി ന്യൂസിലൻഡിനെതിരെ അഞ്ചു ട്വന്‍റി20 മത്സരങ്ങൾ ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി 21 തുടങ്ങുന്ന ട്വന്‍റി20 പരമ്പര 31ന് അവസാനിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിലും ഇന്ത്യൻ ടീമിനെ സൂര്യയാണു നയിക്കുന്നത്.
എന്നാൽ, താരത്തിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. 5, 12, 5, 12 എന്നിങ്ങനെയായിരുന്നു പ്രോട്ടീസിനെതിരായ മത്സരങ്ങളിൽ താരത്തിന്റെ സ്കോറുകൾ. ഈ വർഷം ട്വന്‍റി20യിൽ ഒരു അർധ സെഞ്ച്വറി പോലും താരത്തിന് നേടാനായിട്ടില്ല. 2024 ഒക്ടോബറിൽ ബംഗ്ലദേശിനെതിരെയായിരുന്നു സൂര്യകുമാർ അവസാനമായി അർധ സെഞ്ച്വറി (75) നേടിയത്. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്‍റി20 ലോകകപ്പ് ടീമിൽ മലയാളി താരം സഞ്ജു സാംസണും കളിക്കുന്നുണ്ട്. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ തവണ ലോകകപ്പ് ടീമുലുണ്ടായിട്ടും സഞ്‌ജുവിന് ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

