'സ്കൈ'യുടെ സ്‌കൂപ്പ് ഷോട്ടുകൾ കണ്ടുപഠിച്ചെന്ന് നെഹാൽ വധേര
text_fieldsമുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൂര്യകുമാർ യാദവിനൊപ്പമുള്ള ബാറ്റിംഗ് തനിക്ക് ആത്മവിശ്വാസം നൽകിയെന്ന് മുംബൈ ഇന്ത്യൻസിന്റെ യുവ ബാറ്റ്‌സ്മാൻ നെഹാൽ വധേര.
മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്ക് നയിച്ച സൂര്യകുമാർ 35 പന്തിൽ 83 റൺസും വധേര 34 പന്തിൽ പുറത്താകാതെ 52 റൺസുമാണ് നേടിയത്. തകർപ്പൻ വിജയത്തിന് ചുക്കാൻ പിടിച്ച നെഹാൽ വധേരയുടെ വാക്കുകൾ:-
"ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് അനുഗ്രഹമായി. അതുകൊണ്ട് തുടരെ തുടരെ അർദ്ധസെഞ്ച്വറികൾ നേടാൻ കഴിഞ്ഞു. അതിൽ ഞാൻ സന്തുഷ്ടനാണ്, അവസാനം വരെ ബാറ്റിംഗ് തുടർന്നാൽ ടീമിനെ ജയിപ്പിക്കാനാകുമെന്ന ആത്മവിശ്വാസവുമുണ്ട്.
സൂര്യ ഭായ് (സൂര്യകുമാർ യാദവ്) ഒരു മികച്ച കളിക്കാരനാണ്, ഞാനും അദ്ദേഹത്തിന്റെ ചില ഷോട്ടുകൾ പകർത്താൻ ശ്രമിക്കാറുണ്ട്, പക്ഷേ പലപ്പോഴും എനിക്ക് കഴിയാറില്ല. 'കളിക്കൂ, കളിക്കൂ' എന്ന് അദ്ദേഹം ആത്മവിശ്വാസം പകർന്നുകൊണ്ടിരുന്നു. ചെന്നൈക്കെതിരായ മുൻ മത്സരത്തിൽ ഞാൻ ഒരു സ്‌കൂപ്പ് കളിച്ചു, നേരത്തെ ഞാൻ കളിച്ചിരുന്നില്ല, സൂര്യ ഭായിയിൽ നിന്നാണ് പഠിച്ചെടുത്തത്. അനുകരിക്കാനാവുന്നതിൽ വളരെ സന്തോഷമുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.

