ഇന്ത്യൻ ടീമിൽ ഇടം കിട്ടിയതോടെ അവർ രണ്ടുപേരും കളി മറന്നു -സുനിൽ ഗാവസ്കർ
text_fieldsസുനിൽ ഗാവസ്കർ
ദുബൈ: ഐ.പി.എല്ലിൽ മോശം പ്രകടനം നടത്തുന്ന മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ഇരുവരും ഇന്ത്യൻ ടീമിൽ ഇടം കിട്ടിയതോെട കളി മറന്നെന്ന് സുനിൽ ഗാവസ്കർ കുറ്റപ്പെടുത്തി.
''ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിൽ ഇടം കിട്ടിയതോടെ റിലാക്സ് ചെയ്യുകയാണെന്ന് തോന്നുന്നു. അങ്ങനെയാണെന്ന് പറയുകയല്ല, പക്ഷേ അവരുടെ ചില ഷോട്ടുകൾ കണ്ടാൽ അങ്ങനെ തോന്നും. അവർ രണ്ടുപേരും അത്തരം വലിയ ഷോട്ടുകൾ കളിക്കുന്നത് ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടിയതുകൊണ്ടാണ്.
ക്രീസിൽ നിങ്ങളുടേതായ കുറച്ചു സമയം കിട്ടിയാൽ ഷോട്ടുകളുടെ തെരഞ്ഞെടുപ്പ് ശരിയാവും. രണ്ടുപേരും ഇക്കുറി അതിന് ശ്രമിക്കുന്നില്ല. രണ്ടുപേരുടെയും ഷോട്ട് സെലക്ഷൻ ശരിയാകാത്തത് കൊണ്ടാണ് ഇക്കുറി നിസാരമായി വിക്കറ്റ് കളയുന്നത്'' -ഗാവസ്കർ സ്റ്റാർ സ്പോർട്സ് ഷോയിൽ ആരോപിച്ചു.
മുംബൈ ചാമ്പ്യൻമാരായ കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 516 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ ഈ സീസണിൽ ഇതുവരെ ചേർത്തത് വെറും 107 റൺസാണ്. കഴിഞ്ഞ ഏതാനും സീസണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച സൂര്യകുമാർ യാദവിന് ഇതുവരെ 18.50 ശരാശരിയിൽ 222 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇരുവരും ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

