ഐ.സി.സി അവാർഡിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; ട്വന്റി 20യിലെ മികച്ച താരമായി സൂര്യ; താരോദയമായി രേണുക
text_fieldsരാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ട്വന്റി 20 താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സൂര്യകുമാർ യാദവിന്. വനിതകളിലെ താരോദയമായി രേണുക സിങ്ങും തെരഞ്ഞെടുക്കപ്പെട്ടു.
2022ൽ സൂര്യ നടത്തിയ മിന്നും പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ട്വന്റി 20യിൽ 187.43 സ്ട്രൈക്ക് റേറ്റോടെ 46.56 ശരാശരിയിൽ 1164 റൺസാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളും ഉൾപ്പെടെയായിരുന്നു ഇത്. ട്വന്റി 20 ക്രിക്കറ്റിൽ കലണ്ടർ വർഷം 1000 റൺസ് തികക്കുന്ന രണ്ടാമത്തെ താരമായി മാറിയ സൂര്യ, നിലവിൽ ലോക ഒന്നാം നമ്പർ ബാറ്ററാണ്. നേരത്തെ ഐ.സി.സിയുടെ 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ വിരാട് കോഹ്‍ലിക്കും ഹാർദിക് പണ്ഡ്യക്കും ഒപ്പം ഇടം പിടിക്കുകയും ചെയ്തിരുന്നു.
വനിതകളിലെ ഉയർന്നുവരുന്ന താരമായാണ് രേണുക സിങ്ങിനെ തെരഞ്ഞെടുത്തത്. ഏകദിനത്തിൽ 18 വിക്കറ്റും ട്വന്റി 20യിൽ 22 വിക്കറ്റുമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ നേടിയത്. ഇന്ത്യൻ താരം യാസ്തിക ഭാട്ട്യ, ആസ്ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിന്റെ ആലിസ് ക്യാപ്സി എന്നിവരെ പിന്തള്ളിയാണ് നേട്ടം. 2022ൽ രാജ്യത്തിനായി 29 മത്സരങ്ങളിൽ 26കാരി 40 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ആസ്ത്രേലിയയുടെ തഹ്‍ലിയ മഗ്രാത്താണ് ട്വന്റി 20 വിമന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. നിലവില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് തഹ്‍ലിയ. 435 റണ്‍സും 13 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഐ.സി.സി അസോസിയേറ്റ് ക്രിക്കറ്ററായി നമീബിയയുടെ ഗെഹാർഡ് ഇറാസ്മസ് തെരഞ്ഞെടുക്കപ്പെട്ടു. ട്വന്റി 20യിൽ 306 റൺസും ആറ് വിക്കറ്റും നേടിയ താരം ഏകദിനത്തിൽ 956 റൺസും 12 വിക്കറ്റും സ്വന്തമാക്കിയിരുന്നു. പുരഷന്മാരിലെ ഉയർന്നു വരുന്ന താരമായി ദക്ഷിണാഫ്രിക്കയുടെ മാർകോ ജാൻസൻ തെരഞ്ഞെടുക്കപ്പെട്ടു.