'എന്‍റെ വളർച്ചയിൽ നിർണായകമായത് അദ്ദേഹം നൽകിയ പിന്തുണ'; ധോണിയെ പ്രശംസിച്ച് സൂപ്പർതാരം
text_fieldsമുൻ നായകന്മാരായ വിരാട് കോഹ്ലിയും എം.എസ്. ധോണിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചാണ് കോഹ്ലി ക്രിക്കറ്റ് കരിയർ തുടങ്ങുന്നത്. ധോണി തന്ന പിന്തുണയുടെ ബലം കൊണ്ടാണ് ഇത്രയും വലിയ താരമായത് എന്ന് കോഹ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ടെസ്റ്റ് നായകത്വം ഒഴിഞ്ഞതിനു പിന്നാലെ തന്നിക്ക് സന്ദേശം അയച്ചത് ധോണി മാത്രമാണെന്നും താരം പറഞ്ഞിരുന്നു. റണ്ണിനുവേണ്ടിയുള്ള ഇരുവരുടെയും അതിവേഗത്തിലുള്ള ഓട്ടവും വളരെ പ്രശസ്തമാണ്. കരിയറിലെ ആദ്യ കാലങ്ങളിൽ ധോണി നൽകിയ പിന്തുണയാണ് തന്‍റെ വളർച്ചയിൽ ഏറെ നിർണായകമായതെന്ന് താരം പറയുന്നു.
ട്വന്‍റി20 ലോകകപ്പ് മത്സരത്തിനു മുന്നോടിയായി ഐ.സി.സി റിവ്യു എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു. ധോണിയുമായുള്ള എന്റെ സൗഹൃദത്തിലും ബന്ധത്തിലും ഞാൻ അനുഭവിച്ച കാര്യങ്ങൾ വിശദീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്, കാരണം അത് ധാരണയിലും വിശ്വാസത്തിലും അധിഷ്ഠിതമാണെന്ന് കോഹ്ലി പറയുന്നു.
'ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ ഒരിക്കലും റണ്ണിനായി വിളിച്ചിട്ടില്ല. അവൻ രണ്ടാം റണ്ണിനായി ഓടുമെന്ന് എനിക്കറിയാമായിരുന്നു, ഞാൻ രണ്ടാമത്തെ റണ്ണിനായി ഓടും. 10-12 വർഷത്തിനിടെ ഒന്നോ, രണ്ടോ തവണ മാത്രമാണ് ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടായത്. ടീമിന് എന്താണ് വേണ്ടത്, ടീമിനായി ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നതിലാണ് കൂടുതലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ടീമിന് വേണ്ടി ഞങ്ങൾ ജോലി ചെയ്യാൻ പോകുന്നു എന്ന പരസ്പര വിശ്വാസവും എപ്പോഴും ഉണ്ടായിരുന്നു' -കോഹ്ലി പറഞ്ഞു.
ആ വിശ്വാസമാണ് കളത്തിനു പുറത്തും ഞങ്ങൾക്കിടയിലെ ബന്ധം ശക്തമാക്കിയത്. ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു, പരസ്പരം വ്യക്തമായി മനസ്സിലാക്കി, ആദ്യകാലങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണ എന്റെ വളർച്ചയിൽ നിർണായകമായിരുന്നു. ഒരിക്കലും അദ്ദേഹം ക്യാപ്റ്റൻ ആണെന്നോ ഞാൻ ക്യാപ്റ്റൻ ആണെന്നോ തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അവൻ എപ്പോഴും ഒരേ ആളായിരുന്നെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

