പാകിസ്താനെതിരായ മത്സരത്തിൽ ബുംറയെ പുറത്തിരുത്തണം; ഗംഭീറിനോട് മുൻ ബാറ്റിങ് ഇതിഹാസം
text_fieldsദുബൈ: ഏഷ്യ കപ്പ് ടൂർണമെന്‍റിൽ സൂപ്പർ ഫോറിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ ചിരവൈരികൾ ഒരാഴ്ചക്കിടെ രണ്ടാമതും പരസ്പരം കൊമ്പുകോർക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ.
ഞായറാഴ്ചയാണ് ഏവരും കാത്തിരിക്കുന്ന മത്സരം. ഗ്രൂപ്പ് റൗണ്ടിലെ അനായാസ ജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ യാദവും സംഘവും. എന്നാൽ, ഏത് വെല്ലുവിളിയും നേരിടാൻ തയാറാണെന്നാണ് പാക് നായകൻ സൽമാൻ ആഗ പ്രതികരിച്ചത്. ഇതിനിടെയാണ് ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ പാകിസ്താനെതിരായ മത്സരത്തിലും മാറ്റിനിർത്തണമെന്ന് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിലെ ഒമാനെതിരായ അവസാന മത്സരത്തിലും സൂപ്പർ ഫോറിൽ പാകിസ്താനെതിരായ മത്സരത്തിലും ബുംറയെ കളിപ്പിക്കരുതെന്നാണ് ഗവാസ്കറിന്‍റെ ആവശ്യം.
ബുംറക്ക് മതിയായ വിശ്രമം ലഭിക്കുന്നതിലൂടെ ഈമാസം 28ന് നടക്കുന്ന ഏഷ്യ കപ്പ് ഫൈനലിന് താരത്തിന് മികച്ച പ്രകടനം നടത്താനാകുമെന്നാണ് ഗവാസ്കറിന്‍റെ വാദം. ‘ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിക്കണം, സൂപ്പർ ഫോറിലെ പാകിസ്താനെതിരായ മത്സരത്തിലും താരത്തെ കളിപ്പിക്കരുത്. 28ന് നടക്കുന്ന ടൂർണമെന്‍റിലെ കലാശപ്പോരിന് താരം കൂടുതൽ ഫിറ്റായിരിക്കും. ഇന്ത്യ അതാണ് ചെയ്യേണ്ടത്. പുതിയൊരു താരത്തിന് പ്ലെയിങ് ഇലവനിൽ അവസരം നൽകുകയാണ് വേണ്ടത്’ -ഗവാസ്കർ പറഞ്ഞു. കൂടാതെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ മാധ്യനിരയിലേക്ക് മാറ്റി മൂന്നാം നമ്പറിൽ തിലക് വർമയെ കളിപ്പിക്കണം. സഞ്ജു സാംസണും ബാറ്റിങ്ങിനുള്ള അവസരം നൽകണം.
ഇതിലൂടെ സൂപ്പർ ഫോറിൽ പാകിസ്താനു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരായ മത്സരത്തിലും ബാറ്റർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനാകുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. അതേസമയം സൂപ്പർ ഫോറിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയ ഇന്ത്യക്ക് ഒമാനെതിരായ ഇന്നത്തെ മത്സരം തോറ്റാലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടമാകില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ് പുറത്തായ ഒമാന് മാനം കാക്കാനുള്ള മത്സരമാണിത്.
രണ്ടു കളികളിലും രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നതിനാൽ കാര്യമായ ബാറ്റിങ് അവസരം ലഭിക്കാതിരുന്ന ഇന്ത്യ ഇന്ന് ബാറ്റർമാർക്ക് പരമാവധി ചാൻസ് നൽകാനായിരിക്കും ശ്രമിക്കുക. മലയാളി താരം സഞ്ജു സാംസണും ഹർദിക് പാണ്ഡ്യയും ശിവം ദുബെയുമടങ്ങിയ മധ്യനിര പരീക്ഷിക്കപ്പെട്ടിട്ടേ ഇല്ല. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന മുൻനിരതന്നെ കളി തീർക്കുന്നതാണ് മുൻ മത്സരങ്ങളിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

