ധോണിക്ക് വേണ്ടി വേതനം ഉയർത്തിയത് ബാധിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ; ബി.സി.സി.ഐയെ വിമർശിച്ച് ഗവാസ്കർ
text_fieldsബി.സി.സി.ഐയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ക്രിക്കറ്റ് കമന്‍റേറ്ററുമായ സുനിൽ ഗവാസ്കർ. സൂപ്പർതാരം എം.എസ് ധോണിക്ക് വേണ്ടി നിയമം മാറ്റിയെന്ന് ആരോപിച്ചാണ് ഗവാസ്കറിന്‍റെ വിമർശനം. ധോണിയെ അൺക്യാപ്ഡ് താരമായി കളിപ്പിക്കാനായി ബി.സി.സി.ഐ നിയമങ്ങൾ മാറ്റിയതും അൺക്യാപ്ഡ് താരങ്ങളുടെ വേതനം കൂട്ടിയതും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി തകർക്കുമെന്ന് അദ്ദേഹം വിമർശിച്ചു. സ്പോർട്സ് സ്റ്റാറിൽ എഴുതിയ കോളത്തിലാണ് ഗവാസ്കറിന്‍റെ വിമർശനം.
'കഴിഞ്ഞ വർഷം അൺക്യാപ്ഡ് ആയി മാറിയ ധോണിയുടെ മൂല്യത്തിന് അനുസരിച്ച് അൺക്യാപ്ഡ് താരങ്ങൾക്കുള്ള വേതനം നാല് കോടിയായി ഉയർത്തിയിരുന്നു. ഇത് ശരിയായ നടപടിയല്ല. അൺക്യാപ്ഡ് താരങ്ങൾക്ക് വമ്പൻ തുക ലഭിച്ചാൽ അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആർജവവും ആവേശവും കുറഞ്ഞേക്കാം.
ഇത്രയും വർഷങ്ങളുടെ ഇടയിൽ വമ്പൻ തുകക്ക് ടീമിലെത്തുന്ന അൺക്യാപ്ഡ് താരങ്ങളുടെ പ്രകടനം അവർ അത് അർഹിക്കുന്നുണ്ടോ എന്നുള്ള ചോദ്യം ഉയർത്തുന്നതാണ്. വിലയും സമ്മർദവും കുറയുമ്പോഴായാണ് അൺക്യാപ്ഡ് താരങ്ങൾക്ക് മികച്ച പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുന്നത്,' ഗവാസ്കർ എഴുതി. ഇന്ത്യൻ ടീമിന്‍റെ ദീർഘകാല നന്മക്ക് വേണ്ടി അൺക്യാപ്ഡ് താരങ്ങളുടെ അടിസ്ഥാനവേതനം കുറക്കാനും നിയമം മാറ്റാനും ഗവാസ്കർ ആവശ്യപ്പെട്ടു.
അഞ്ച് വർഷങ്ങളോളം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ അൺക്യാപ്ഡ് ആക്കുന്ന നിയമം ബി.സി.സി.ഐ 2021ൽ മാറ്റിയതാണ്. എന്നാൽ കഴിഞ്ഞ വർഷം ടീമുകളെ നിലനിർത്തുന്നതിന് മുമ്പ് ടീമുകൾ ഈ നിയമം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയായിരുന്നു. ഇതോടെ 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണിയെ അൺക്യാപ്ഡ് കളിക്കാരനായി നിലനിർത്താൻ സി.എസ്.കെക്ക് സാധിച്ചു. മറ്റ് ടീമുകൾക്കും അൺക്യാപ്ഡ് താരങ്ങളെ നിലനിർത്തണമെങ്കിൽ നാല് കോടി നൽകണം എന്ന അവസ്ഥയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

