‘മുംബൈ വെല്ലുവിളിയാകുമെങ്കിലും ഐ.പി.എൽ കിരീടം ഈ ടീമിന്’; പ്രവചനവുമായി മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം
text_fieldsമുംബൈ: ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഐ.പി.എല്ലിൽ ഒരു കിരീടം എന്നത് ഇന്നും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ സ്വപ്നമാണ്. ഈ സീസണിൽ അതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മികച്ച ഫോമിൽ കളിക്കുന്ന ടീമിന് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ജയിക്കാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാനാകും.
നിലവിൽ 10 മത്സരങ്ങളിൽനിന്ന് ഏഴു ജയവുമായി 14 പോയന്‍റുള്ള രജദ് പാട്ടീദാറും സംഘവും മൂന്നാമതാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറിന്‍റെ കിരീട ഫേവറൈറ്റുകളിൽ ഒന്നാമത് ആർ.സി.ബിയാണ്. മുംബൈ ഇന്ത്യൻസ് കടുത്ത വെല്ലുവിളി ഉയർത്തുമെങ്കിലും ഇത്തവണ കിരീടം ആർ.സി.ബിക്കു തന്നെയാണ് ഗവാസ്കർ പ്രവചിക്കുന്നത്.
‘റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. അവർ നന്നായി ബാറ്റ് ചെയ്യുന്നു, ഫീൽഡിങ്ങിലും മികച്ച് നിൽക്കുന്നു. മുംബൈ ഇന്ത്യൻസ് തൊട്ടുപുറകെ ഉണ്ടെങ്കിലും അവർ അടുത്താണ് ഫോമിലേക്കെത്തിയത്. അത് നിലനിർത്താനാകുമോ എന്നതാണ് ചോദ്യം. ലീഗിലെ മികച്ച മൂന്നു ടീമുകൾക്കെതിരെയാണ് മുംബൈക്ക് ഇനി കളിക്കാനുള്ളത്. ഈ മത്സരങ്ങളിലെ പ്രകടനം ടീമിന് നിർണായകമാണ്. തീർച്ചയായും ആർ.സി.ബി തന്നെയാണ് കിരീട ഫേവറൈറ്റുകളിൽ ഒന്നാമത്’ -ഗവാസ്കർ അഭിമുഖത്തിൽ പറഞ്ഞു.
എം.എസ്. ധോണിയും വിരാട് കോഹ്ലിയും തമ്മിലുള്ള പോരാട്ടത്തിന് കൂടിയാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നത്. ആർ.സി.ബി പ്ലേ ഓഫ് പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുന്നതെങ്കിൽ, ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ആരാധകരെ തൃപ്തിപ്പെടുത്തുകയാണ് ചെന്നൈയുടെ ലക്ഷ്യം. മോശം ഫോമിലുള്ള ചെന്നൈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ്. അഞ്ചു തവണ കിരീടം നേടിയ ടീമിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. 10 കളിയിൽനിന്ന് രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. എട്ടിലും തോറ്റു. നാലു പോയന്‍റുമായി ഏറ്റവും പിന്നിലായി 10ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

