‘സ്കോർ എനിക്ക് അയച്ചുതന്നു...’; കോഹ്ലി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തിയ വാർത്ത സ്ഥിരീകരിച്ച് സുനിൽ ഛേത്രി
text_fieldsവിരാട് കോഹ്ലിയും സുനിൽ ഛേത്രിയും
മുംബൈ: സൂപ്പർതാരം വിരാട് കോഹ്ലി ലണ്ടനിൽ ബി.സി.സി.ഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുത്ത വാർത്ത സ്ഥിരീകരിച്ച് മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ സുനിൽ ഛേത്രി.
ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റിൽനിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച കോഹ്ലി, ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. താരത്തിന്‍റെ അഭ്യർഥന പ്രകാരം ലണ്ടനിൽവെച്ച് ‘ബ്രോങ്കോ ടെസ്റ്റ്’ നടത്താൻ ബി.സി.സി.ഐ അനുമതി നൽകുകയായിരുന്നു. ഏകദിന നായകൻ രോഹിത് ശർമ, സൂപ്പര്‍ താരങ്ങളായ സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ ഉൾപ്പെടെ വാർഷിക കരാറിലുള്ള താരങ്ങൾക്കെല്ലാം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാണ് ടെസ്റ്റ് നടത്തിയത്. ഇക്കാര്യമാണ് ഛേത്രി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ലണ്ടനിൽ നടത്തിയ ടെസ്റ്റിന്‍റെ സ്കോർ കോഹ്ലി അയച്ചുകൊടുത്തെന്നാണ് ഛേത്രി അവകാശപ്പെടുന്നത്. കോഹ്ലിക്ക് മാത്രം വിദേശത്ത് ടെസ്റ്റ് നടത്താൻ അനുമതി നൽകിയത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. രോഹിത്, ബുംറ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ടെസ്റ്റിനായി ബംഗളൂരുവിലെത്തുകയായിരുന്നു. കഴിഞ്ഞ മേയിലാണ് കോഹ്ലി ടെസ്റ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് ട്വന്‍റി20 ഫോർമാറ്റിൽനിന്ന് വിരമിച്ചത്.
കുടുംബത്തോടൊപ്പം ലണ്ടനിലുള്ള താരം, ഐ.പി.എല്ലിനുശേഷം ഇതുവരെ കോംപറ്റേറ്റീവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ആർ.സി.ബിയുടെ കിരീട വിജയത്തിനു പിന്നാലെയാണ് കോഹ്ലി ലണ്ടനിലേക്ക് പോയത്. ലണ്ടൻ നഗരത്തിലൂടെ സാധാരണക്കാരെപ്പോലെ നടന്നുനീങ്ങുന്ന കോഹ്ലിയുടേയും ഭാര്യ അനുഷ്ക ശർമയുടേയും ദൃശ്യങ്ങൾ അടുത്തിടെ പുറത്തിവന്നിരുന്നു.
‘ഏതാനും ദിവസങ്ങൾ മുമ്പ്, ലണ്ടനിൽ ടെസ്റ്റിൽ പങ്കെടുത്തപ്പോൾ ലഭിച്ച സ്കോർ കോഹ്ലി അയച്ചുതന്നിരുന്നു. ഇത്തരം ആളുകളുമായുള്ള ബന്ധം നല്ലതാണ്. നിങ്ങളുടെ മോശം ദിവസങ്ങളിൽ, മടുപ്പ് തോന്നുമ്പോൾ നിങ്ങൾ അവരെ കുറിച്ച് ചിന്തിക്കും. എല്ലാവരും ഒരു വിരാട് കോഹ്ലിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആകാനാണ് ആഗ്രഹിക്കുന്നത്, ഈ രണ്ടുപേരും ഫിറ്റ്നസ് നിലനിർത്തുന്നത് അവിശ്വസനീയമാണ്’ -ഛേത്രി പറഞ്ഞു.
ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണ് കോഹ്ലി. ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുശേഷം കോഹ്ലിയും രോഹിത്തും ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ലോകകപ്പ് കളിക്കണമെങ്കിൽ വിജയ് ഹസാരെ ട്രോഫി കളിച്ച് ഫോം തെളിയിക്കണമന്നും ബി.സി.സി.ഐ നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

