ഇംഗ്ലണ്ടിന് തിരിച്ചടി; ബെൻ സ്റ്റോക്സ് അഞ്ചാം ടെസ്റ്റിനില്ല, തോളിന് പരിക്കേറ്റ താരം പുറത്ത്; ടീമിൽ നാലു മാറ്റങ്ങൾ
text_fieldsലണ്ടൻ: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യക്കെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി. തോളിനേറ്റ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ടീമിന് പുറത്തായി.
വ്യാഴാഴ്ച ഓവലിലാണ് പരമ്പരയിലെ അവസാനത്തെ മത്സരം. പരമ്പരയിൽ 2-1ന് മുന്നിലാണ് ആതിഥേയർ. അവസാന കളിയിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര നേടാനാകും. സ്റ്റോക്സിന്‍റെ അഭാവത്തിൽ ഓലീ പോപ്പാണ് ടീമിനെ നയിക്കുക. ജേക്കബ് ബേത്തെൽ ആറാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങും. ഇംഗ്ലണ്ട് ടീമിൽ മൂന്നു മാറ്റങ്ങൾ കൂടിയുണ്ട്. പേസർമാരായ ജോഫ്ര ആർച്ചർ, ബ്രൈഡൻ കേഴ്സ്, സ്പിന്നർ ലിയാം ഡോസൻ എന്നിവരും കളിക്കില്ല. പകരം ഗസ് അറ്റ്കിൻസൺ, ജോഷ് ടോങ്, ജാമീ ഓവർട്ടൺ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ക്രീസ് വോക്സ് ടീമിൽ സ്ഥാനം നിലനിർത്തി.
മാഞ്ചസ്റ്ററിലെ ഓർഡ് ട്രാഫോഡിൽ നടന്ന നാലാം ടെസ്റ്റിന്‍റെ അവസാന ദിവസങ്ങളിൽ ഓൾ റൗണ്ടർ സ്റ്റോക്സിനെ തോളിലെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 24 ഓവർ എറിഞ്ഞ താരം രണ്ടാം ഇന്നിങ്സിൽ 11 ഓവർ മാത്രമാണ് പന്തെറിഞ്ഞത്. പരമ്പരയിൽ ഗംഭീര ഫോമിലുള്ള സ്റ്റോക്സിന്‍റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ്.
രണ്ടു തവണ തുടർച്ചയായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാഞ്ചസ്റ്ററിൽ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റെടുത്ത താരം, ബാറ്റിങ്ങിലും സെഞ്ച്വറി നേടി തിളങ്ങി. ഒരു ടെസ്റ്റിൽ അഞ്ചു വിക്കറ്റും സെഞ്ച്വറിയും നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലീഷ് താരമാണ് സ്റ്റോക്സ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ:
സാക് ക്രോളി, ബെൻ ഡക്കറ്റ്, ഓലീ പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ജേക്കബ് ബെത്തെൽ, ജമീ സ്മിത്ത്, ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജമീ ഓവർട്ടൻ, ജോഷ് ടോങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

