ദുബൈ: പാകിസ്താനെതിരായ ഇരട്ട സെഞ്ച്വറിക്കു പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിൽ ഇരിപ്പ് ദൃഢമാക്കി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. 919 റേറ്റിങ് പോയൻറ് സ്വന്തമാക്കിയ കെയ്ൻ ന്യൂസിലൻഡ് താരത്തിെൻറ ഏറ്റവും മികച്ച റേറ്റിങ്ങാണ് കുറിച്ചത്. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ 238 റൺസടിച്ചാണ് താരം റാങ്കിങ്ങിൽ വ്യക്തമായ മേധാവിത്വം നിലനിർത്തിയത്.
അതേസമയം, മൂന്നാം ടെസ്റ്റോടെ സെഞ്ച്വറിയുമായി ഫോമിലേക്കുയർന്ന സ്റ്റീവൻ സ്മിത്ത് (900) രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഒപ്പം സ്ഥാനം പങ്കുവെച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം ടെസ്റ്റിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ കോഹ്ലിക്ക് 870 പോയൻറാണുള്ളത്. അജിൻക്യ രഹാെന (ഏഴ്), ചേതേശ്വർ പുജാര (എട്ട്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.