സൂപ്പർ ബാറ്റർ ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് മടങ്ങിയെത്തുന്നു, ബംഗ്ലാദേശ് പരമ്പരയിൽ കളിക്കും?
text_fieldsമുംബൈ: ഇടവേളക്കുശേഷം സൂപ്പർ ബാറ്റർ കെ.എൽ. രാഹുൽ ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് മടങ്ങിയെത്തുന്നു. ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയേക്കും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാകും ബംഗ്ലാദേശ് പര്യടനം. ഡൽഹി കാപിറ്റൽസിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ രാഹുൽ സെലക്ടർമാരുടെ റഡാറിലുണ്ട്. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് താരത്തെ പരിഗണിക്കാനുള്ള പ്രധാന കാരണം. 2026 ട്വന്‍റി20 ലോകകപ്പിലേക്കുള്ള ടീമിനെ സജ്ജമാക്കുന്നതിനുള്ള ഔദ്യോഗിക തുടക്കം കുറിക്കാലാണ് ഈ പരമ്പര. അങ്ങനെയെങ്കിൽ മൂന്നു വർഷത്തെ ഇടവേളക്കുശേഷമാകും രാഹുൽ വീണ്ടും ഇന്ത്യൻ ട്വന്‍റി20 ടീമിലെത്തുന്നത്. ഡൽഹിക്കായി സീസണിൽ വ്യത്യസ്ത റോളുകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സീസണിന്‍റെ തുടക്കത്തിൽ മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങിയ താരം ബാറ്റിങ് യൂനിറ്റിന്‍റെ നട്ടെല്ലായിരുന്നു.
ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ ഓപ്പണറായി ഇറങ്ങിയ താരം അപരാജിത സെഞ്ച്വറി നേടിയും തിളങ്ങി. 65 പന്തില്‍നിന്ന് പുറത്താകാതെ 14 ഫോറുകളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയില്‍ രാഹുൽ 112 റണ്‍സെടുത്തു. താരം മികച്ച ഫോം തുടരുകയാണെങ്കിൽ 2026 ട്വന്‍റി20 ലോകകപ്പിലും ടീമിലുണ്ടാകും. ഐ.പി.എല്ലിലെ അഞ്ചാം സെഞ്ച്വറിയാണ് രാഹുൽ ഗുജറാത്തിനെതിരെ കുറിച്ചത്.
ട്വന്റി20യിൽ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികച്ച വിരാട് കോഹ്ലിയുടെ പേരിലുള്ള റെക്കോഡും രാഹുല്‍ മറികടന്നിരുന്നു. സീസണിൽ 11 ഇന്നിങ്സുകളിൽനിന്നായി 493 റൺസാണ് രാഹുൽ അടിച്ചെടുത്തത്. 61.62 ആണ് ശരാശരി. 2022 ട്വന്‍റി20 ലോകകപ്പിൽ നോക്കൗട്ടിൽ ഇംഗ്ലണ്ടിനോട് തോറ്റു പുറത്തായ മത്സരത്തിലാണ് രാഹുൽ അവസാനമായി ഇന്ത്യക്കുവേണ്ടി ഈ ഫോർമാറ്റിൽ കളിച്ചത്.
ആറു മത്സരങ്ങളിൽനിന്ന് 128 റൺസാണ് താരം നേടിയത്. ഐ.പി.എല്ലിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും കർണാടക ബാറ്റർക്ക് ട്വന്‍റി20 ടീമിൽ ഇടം കണ്ടെത്താനായില്ല. 2024 ട്വന്‍റി20 ലോകകപ്പ് ടീമിലും ഉൾപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

