'അസലായി അസലങ്ക'; ബംഗ്ലദേശിനെ തകർത്ത് ശ്രീലങ്ക
text_fieldsദുബൈ: ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ബംഗ്ലാ ആരാധകരെ നിരാശയിലാക്കി ശ്രീലങ്കൻ തേരോട്ടം. ബംഗ്ലദേശ് ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക അനായാസം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്നും നയിച്ച ചരിത് അസലങ്കക്കൊപ്പം (49 പന്തിൽ 80 നോട്ടൗട്ട്) ഭനുക രജപക്സെയും (31 പന്തിൽ 53) ചേർന്നതോടെ ലങ്കക്കാർ വിജയ ദ്വീപിലണയുകയായിരുന്നു.
വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് ആദ്യ ഓവറിൽ തന്നെ കുശാൽ പെരേരയെ നഷ്ടപ്പെട്ടു. തുടർന്ന് ലങ്കക്കായി നിസാൻകയും (24) ചരിത് അസലങ്കയും ഒത്തുചേരുകയായിരുന്നു. രണ്ടാംവിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന് അവിഷ്ക ഫെർണാണ്ടോ (0), വനിന്ദു ഹസരങ്ക (6) എന്നിവർ വേഗത്തിൽ പുറത്തായതോടെ സമ്മർദത്തിലായ ലങ്കയെ രാജപക്സെ എടുത്തുയർത്തുകയായിരുന്നു. 79 റൺസിൽ ഒരുമിച്ച അസലങ്ക-രാജപക്സെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. അസലങ്കയെ 63 റൺസിൽ വെച്ചും രജപക്സെയെ 14 റൺസിൽ വെച്ചും ലിറ്റൺ ദാസ് കൈവിട്ടത് ബംഗ്ലദേശിന് വിനയായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനായി ഓംണർ മുഹമ്മദ് നയീമും (52 പന്തിൽ 62) മുഷ്ഫിഖുർ റഹീമുമാണ് (37 പന്തിൽ 57 നോട്ടൗട്ട്) തിളങ്ങിയത്. ലിറ്റൻദാസ് (16), ഷാക്കിബുൽ ഹസൻ (10), അഫീഫ് ഹുസൈൻ (7), മഹ്മുദുല്ലാഹ് (10 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

