കായിക മന്ത്രിയെ പുറത്താക്കി ശ്രീലങ്കൻ പ്രസിഡന്റ്; പ്രതീക്ഷയോടെ ലങ്കൻ ക്രിക്കറ്റ് ബോർഡ്
text_fieldsകൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിൽ അനിശ്ചാതവസ്ഥ തുടരുന്നതിനിടെ കായിക മന്ത്രി റോഷൻ രണസിംഗയെ പുറത്താക്കി. തിങ്കളാഴ്ച മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗ ഒപ്പിട്ട പിരിച്ചുവിടൽ കത്ത് കൈമാറിയത്.
ക്രിക്കറ്റ് ബോർഡിൽ അഴിമതി തുടച്ചു നീക്കാൻ ശ്രമിച്ച തന്റെ ജീവൻ അപകടത്തിലാണെന്ന് റോഷൻ രണസിംഗ ആരോപിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ജലസേചന വകുപ്പ് ഉൾപ്പെടെ അടിയന്തര പ്രാബല്യത്തോടെ നീക്കിയതായി കത്തിൽ പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വിലക്കുകൾ നിലനിൽക്കുന്നതിനിടെ മന്ത്രിസഭയിലെ മാറ്റം ആശ്വാസകരമാകുമെന്ന പ്രതീക്ഷയിലാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ്.
ലോകകപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് ശ്രീലങ്കൻ ക്രിക്കറ്റിലെ പുതിയ പ്രശ്നങ്ങൾ ഉടലെടുത്തത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ( എസ്.എൽ.സി) ഭരണസമിതിയെ പുറത്താക്കുകയും ഇടക്കാല കമ്മിറ്റിയുടെ തലവനായി മുൻ ക്രിക്കറ്റ് ടീം നായകൻ അർജുന രണതുംഗയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പീൽ കോടതി ഒരു ദിവസത്തിനകം അത് പഴയ ഭരണ സമിതിയെ പുനഃസ്ഥാപിക്കുകയായിരുന്നു.
എന്നാൽ, രാജ്യത്തിന്റെ ക്രിക്കറ്റ് ഭരണസമിതിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ പാർലമെന്റ് ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനെത്തുടർന്ന് സർക്കാർ ഇടപെടലിന് കാരണമായതോടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കയെ സസ്പെൻഡ് ചെയ്തു. അതോടെ, അടുത്ത വർഷം ജനുവരിയിൽ നടക്കേണ്ടിയിരുന്ന ഐ.സി.സി അണ്ടർ-19 ലോകകപ്പ് ശ്രീലങ്കയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.
അതേസമയം, കായിക മേഖലയിലെ അഴിമതി തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് പുറത്താക്കിയതിന് പിന്നാലെ റോഷൻ രണസിംഗ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

