ഹൈദരബാദിൽ ചെന്നൈ വീണു; സൺറൈസേഴ്സിന്‍റെ വിജയം 10 റൺസിന്
text_fieldsഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 10 റൺസ് തോൽവി. സഞ്ജു സാംസൺ ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചെന്നൈ എട്ടാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ സഞ്ജു സാംസണിലായിരുന്നു ചെന്നൈയുടെ പ്രതീക്ഷ മുഴുവൻ. ഒരു സിക്സറടിച്ച് തുടങ്ങിയെങ്കിലും രണ്ടാം ഓവറിലെ മൂന്നാം പന്തിൽ സഞ്ജു (7) നിതീഷ് കുമാർ റെഡ്ഡിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പരിക്കിനെ അവഗണിച്ചും തകർത്തടിച്ച യുവതാരം ആയുഷ് മാത്രെയും (13 പന്തിൽ 30), ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും (19) പവർപ്ലേയിൽ ചെന്നൈയെ മികച്ച നിലയിലെത്തിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഹൈദരാബാദ് കളി പിടിച്ചു. 30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈയുടെ ടോപ് സ്കോറർ.
അവസാന ഓവറിൽ ജയിക്കാൻ 18 റൺസ് വേണമെന്നിരിക്കെ പ്രഫുൽ ഹിംഗെ എറിഞ്ഞ ഓവറിൽ ജാമി ഓവർടണും അൻഷുൽ കാംബോജിനും ചെന്നൈയെ വിജയതീരത്തെത്തിക്കാനായില്ല. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്ന് വിക്കറ്റും നിതീഷ് റെഡ്ഡി രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ, അഭിഷേക് ശർമയുടെയും (59) ഹെൻറിച്ച് ക്ലാസന്റെയും (59) തകർപ്പൻ അർധസെഞ്ചുറികളാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെറും 15 പന്തിലാണ് അഭിഷേക് അർധസെഞ്ചുറി തികച്ചത്. ചെന്നൈക്കായി ഓവർടണും അൻഷുൽ കാംബോജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

