‘ഇത്രയും തരംതാഴരുത്, വളർത്തുദോഷം...’; ഗംഭീറിന് മറുപടിയുമായി ശ്രീശാന്തിന്‍റെ ഭാര്യ
text_fieldsലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ (എൽ.എൽ.സി) മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറുമായുണ്ടായ വാക്കുതർക്കത്തില്‍ പ്രതികരണവുമായി മലയാളിയായ എസ്. ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി. ഗംഭീറിന്റേത് വളർത്തുദോഷമാണെന്നായിരുന്നു മലയാളിയായ ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരിയുടെ പ്രതികരണം.
ഇന്ത്യൻ കാപിറ്റൽസ് താരമായ ഗംഭീറും ഗുജറാത്ത് ടൈറ്റൻസ് താരമായ ശ്രീശാന്തും മത്സരത്തിനിടെയാണ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഫോറും സിക്‌സറും നേടിയതോടെയാണ് ഇരുവരും ഉരസിയത്. ശ്രീശാന്ത് ആദ്യം ഗംഭീറിനെ രൂക്ഷമായി നോക്കുന്നതും പിന്നാലെ ഗംഭീർ തിരിച്ചു നോക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, ആരാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വിഡിയോയിൽ വ്യക്തമല്ല. ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് പറയുന്നത്.
ഗംഭീർ തന്നെ തെറി പറഞ്ഞുവെന്നും നിരന്തരം വാതുവെപ്പുകാരൻ എന്ന് വിളിച്ചെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഗംഭീറാണ് മോശം വാക്കുകൾ ഉപയോഗിച്ചതെന്നും അമ്പയർമാർ പിടിച്ചുമാറ്റിയപ്പോഴും തരംതാണ വാക്കുകളാണ് ഗംഭീർ നടത്തിയതെന്നും ശ്രീശാന്ത് വിഡിയോയിൽ വെളിപ്പെടുത്തി. എന്നാൽ ഒന്നുമറിയില്ലെന്ന മട്ടിലാണ് ഗംഭീർ ഇതിനോട് എക്‌സിൽ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വിഡിയോക്ക് താഴെയായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം.
‘വർഷങ്ങളോളം ഇന്ത്യൻ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽനിന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അതും സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച് വർഷങ്ങൾക്ക് ശേഷം. ഗ്രൗണ്ടിലെ ഇത്തരം പെരുമാറ്റം വളർത്തു ദേഷമാണ് കാണിക്കുന്നത്. ശരിക്കും ഞെട്ടിക്കുന്നതാണ്’ -ഭുവനേശ്വരി കുറിച്ചു.

