ഏകദിന ക്രിക്കറ്റിൽ ആദ്യം! ചരിത്രം കുറിച്ച് പ്രോട്ടീസ് ബാറ്റർ ബ്രീറ്റ്‌സ്‌കെ; മറികടന്നത് 48 വർഷത്തെ സിദ്ദുവിന്‍റെ റെക്കോഡ്
text_fieldsമാത്യൂ ബ്രീറ്റ്‌സ്‌കെ
ക്യൂൻസ് ലാൻഡ്: ഏകദിന ക്രിക്കറ്റിൽ തകർപ്പൻ ബാറ്റിങ് തുടർന്ന് ദക്ഷിണാഫ്രിക്കയുടെ യുവതാരം മാത്യൂ ബ്രീറ്റ്‌സ്‌കെ. ഏകദിന അരങ്ങേറ്റത്തില്‍ 150 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ ബ്രീറ്റ്‌സ്‌കെ, വെള്ളിയാഴ്ച ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മറ്റൊരു ചരിത്രം കൂടി കുറിച്ചു.
ആസ്ട്രേലിയയിലെ മക്കേയിലുള്ള ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ നടന്ന മത്സരത്തിൽ 78 പന്തിൽ 88 റൺസെടുത്താണ് താരം പുറത്തായത്. കരിയറിൽ ഇതുവരെ കളിച്ച നാലു ഏകദിനത്തിലും ഈ പ്രോട്ടീസ് ബാറ്റർ 50 പ്ലസ് സ്കോർ നേടിയതോടെയാണ് ചരിത്രത്തിന്‍റെ ഭാഗമായത്. ഏകദിന ക്രിക്കറ്റിന്‍റെ 54 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. മുൻ ഇന്ത്യൻ താരം നവജ്യോത് സിങ് സിദ്ദു 48 വർഷം മുമ്പ് കുറിച്ച റെക്കോഡാണ് ബ്രീറ്റ്‌സ്‌കെയുടെ തകർപ്പൻ ബാറ്റിങ്ങിൽ പഴങ്കഥയായത്.
സിദ്ദു കളിച്ച ആദ്യ അഞ്ചു ഏകദിനങ്ങളിൽ നാലിലും അർധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ, ബ്രീറ്റ്‌സ്‌കെ ഇതുവരെ കളിച്ച നാലു ഏകദിന മത്സരത്തിലും അർധ സെഞ്ച്വറി നേടി. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ബ്രീറ്റ്‌സ്‌കെ അരങ്ങേറ്റ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ 148 പന്തില്‍ 11 ഫോറുകളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്പടിയോടെ 150 റണ്‍സെടുത്താണ് വരവറിയിച്ചത്. ഒരു ഏകദിന അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറാണിത്. വിന്‍ഡീസ് ബാറ്റര്‍ ഡെസ്മണ്ട് ഹെയ്ന്‍സിന്റെ റെക്കോഡാണ് താരം തിരുത്തിക്കുറിച്ചത്. 1978 ല്‍ ഓസീസിനെതിരേ ഹെയ്ന്‍സ് 148 റണ്‍സാണെടുത്തത്. അതേ ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താനെതിരായ മത്സരത്തിൽ 83 റൺസും നേടി.
ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 57 റൺസെടുത്തു. ആ മത്സരം 98 റൺസിന് പ്രോട്ടീസ് ജയിച്ചു. രണ്ടാം മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ 26കാരൻ ബ്രീറ്റ്‌സ്‌കെ രണ്ടു സിക്സും എട്ടു ഫോറും നേടി. 23 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായ പ്രോട്ടീസിനെ കരകയറ്റിയത് ബ്രീറ്റ്‌സ്‌കെയുടെ ബാറ്റിങ്ങാണ്. ടോണി ഡെ സോർസിയെ കൂട്ടുപിടിച്ച് 38 റൺസും ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം 74 റൺസും കൂട്ടുകെട്ടുണ്ടാക്കി. ഐ.പി.എല്ലിൽ കഴിഞ്ഞ സീസണിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനൊപ്പം അരങ്ങേറ്റം കുറിച്ചെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

