Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനിസ്സാരം! പ്രോട്ടീസിന്...

നിസ്സാരം! പ്രോട്ടീസിന് ഏഴ് വിക്കറ്റ് വിജയം, മൂന്നിലും തോറ്റ് ഇംഗ്ലണ്ടിന് മടക്കം

text_fields
bookmark_border
നിസ്സാരം! പ്രോട്ടീസിന് ഏഴ് വിക്കറ്റ് വിജയം, മൂന്നിലും തോറ്റ് ഇംഗ്ലണ്ടിന് മടക്കം
cancel

കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിൽ തങ്ങളുടെ അവസാന ഗ്രൂപ് മത്സരത്തിലും തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുന്ന ദക്ഷിണാഫ്രിക്ക, എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി സെമിയിൽ ഏറ്റുമുട്ടും. ഞായറാഴ്ച നടക്കുന്ന ഇന്ത്യ -ന്യൂസിലൻഡ് മത്സരത്തിൽ തോൽക്കുന്നവരാകും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ. അതേസമയം കളിച്ച മൂന്ന് മത്സരത്തിലും തോറ്റ്, ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും മോശം ടീമായാണ് ഇംഗ്ലണ്ടിന്‍റെ മടക്കം.

റാസി വാൻഡർ ദസൻ (72*), ഹെയ്ന്റിച് ക്ലാസൻ (64) എന്നിവരുടെ അർധ സെഞ്ച്വറികളാണ് പ്രോട്ടീസിന്‍റെ വിജയം എളുപ്പമാക്കിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് അപരാജിതനായ വാൻഡർ ദസന്‍റെ ഇന്നിങ്സ്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 127 റൺസിന്‍റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്‍റെ നട്ടെല്ലായി. ഇംഗ്ലണ്ടിനായി ജോഫ്രആർച്ചർ രണ്ടും ആദിൽ റഷീദ് ഒരു വിക്കറ്റും നേടി. സ്കോർ: ഇംഗ്ലണ്ട് -38.2 ഓവറിൽ 179ന് പുറത്ത്, ദക്ഷിണാഫ്രിക്ക -29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181.

മറുപടി ബാറ്റിങ്ങിൽ ഓപണറായെത്തിയ ട്രിസ്റ്റൻ സ്റ്റബ്സിനെ സംപൂജ്യനായി മടക്കിയ ജോഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും പ്രോട്ടീസിന്‍റെ മുന്നേറ്റത്തിന് തടയിടാനായില്ല. സ്കോർ 47ൽ നിൽക്കെ റയാൻ റിക്കിൾടണും കൂടാരം കയറി. ഇത്തവണയും ആർച്ചറായിരുന്നു വിക്കറ്റ് പിഴുതത്. പിന്നീടൊന്നിച്ച വാൻഡർ ദസൻ -ക്ലാസൻ സഖ്യം ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചു. സെഞ്ച്വറി പിന്നിട്ട കൂട്ടുകെട്ടിനൊടുവിൽ ക്ലാസനെ റഷീദ് മഹ്മൂദിന്‍റെ കൈകളിലെത്തിച്ചു. ഈ സമയത്ത് വിജയത്തിന് ആറ് റൺസ് മാത്രം അകലെയായിരുന്നു പ്രോട്ടീസ്. അഞ്ചാമനായി ക്രീസിലെത്തിയ ഡേവിഡ് മില്ലർ ഏഴ്* റൺസ് നേടി.

ഇംഗ്ലണ്ട് 179ന് പുറത്ത്

ആദ്യം ബാറ്റുചെയ്ത ഇംഗ്ലിഷ് നിര 38.2 ഓവറിൽ 179ന് ഓൾ ഔട്ടായി. 37 റൺസെടുത്ത ജോ റൂട്ടാണ് അവരുടെ ടോപ് സ്കോറർ. മൂന്ന് വീതം വിക്കറ്റുകൾ പിഴുത വിയാൻ മുൾഡറും മാർകോ യാൻസനുമാണ് പ്രോട്ടീസ് ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കിയതോടെ ദക്ഷിണാഫ്രിക്ക കളി തീരുംമുമ്പ് സെമി ഉറപ്പിച്ചിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരുഘട്ടത്തിലും മികച്ച പാർട്നർഷിപ് സൃഷ്ടിക്കാനായില്ല. സ്കോർ ഒമ്പതിൽ നിൽക്കേ ഓപണർ ഫിൽ സാൾട്ട് (എട്ട്) വാൻഡർ ദസന് ക്യാച്ച് നൽകി മടങ്ങി. യാൻസനാണ് വിക്കറ്റ്. പിന്നാലെയെത്തിയ ജേമി സ്മിത്തിനെ പൂജ്യനാക്കി മടക്കി യാൻസൻ രണ്ടാം പ്രഹരവുമേൽപ്പിച്ചു. തന്‍റെ നാലാം ഓവറിൽ ബെൻ ഡക്കറ്റിനെ (24) റിട്ടേൺ ക്യാച്ചിലൂടെ മടക്കി മുൻനിരയുടെ പതനം ഉറപ്പാക്കിയാണ് യാൻസൻ സ്പെൽ അവസാനിപ്പിച്ചത്.

നിലയുറപ്പിച്ചു കളിച്ച ജോ റൂട്ടിനെ മുൾഡർ ക്ലീൻ ബോൾഡാക്കി. 44 പന്തിൽ നാലു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ഹാരി ബ്രൂക് (19), ജോസ് ബട്ട്ലർ (21), ലയാം ലിവിങ്സ്റ്റൺ (ഒമ്പത്), ജേമി ഓവർടൻ (11), ജോഫ്ര ആർച്ചർ (25), ആദിൽ റഷീദ് (രണ്ട്), സാദിഖ് മഹ്മൂദ് (അഞ്ച്*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ലുംഗി എൻഗിഡി, കാഗിസോ റബാദ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England Cricket TeamSouth Africa Cricket TeamChampions Trophy 2025
News Summary - South Africa won by 7 wickets vs England in Champions Trophy Match
Next Story