വൻതകർച്ചയിൽനിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ (55*); കിവീസിന് 170 റൺസകലെ ഫൈനൽ ടിക്കറ്റ്
text_fieldsകൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ 170 റൺസിന്‍റെ വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക. കിവീസ് ബൗളർമാർക്ക് മുന്നിൽ അടിപതറിയ പ്രോട്ടീസ് ബാറ്റിങ്നിരയെ മധ്യനിരയിൽ ഇറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സും മാർകോ യാൻസനും ചേർന്ന് ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ അഞ്ചിന് 77 എന്ന നിലയിൽ തകർച്ച മുന്നിൽക്കണ്ട ടീമിനെ ഇരുവരും ചേർന്ന് 150 കടത്തി. പുറത്താകാതെ 55 റൺസ് നേടിയ യാൻസനാണ് അവരുടെ ടോപ് സ്കോറർ. യാൻസന് പുറമെ ഡെവാൾഡ് ബ്രെവിസ് (34), സ്റ്റബ്സ് (29) എന്നിവർക്കു മാത്രമാണ് ഭേദപ്പെട്ട സ്കോർ അടിച്ചെടുക്കാനായത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 169 റൺസ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറിൽ തന്നെ കിവീസ് ഞെട്ടിച്ചു. ഓഫ് ബ്രേക്ക് ബൗളർ കോൾ മക്കോൺചി എറിഞ്ഞ ഓവറിൽ ക്വിന്റൺ ഡിക്കോക്കും (എട്ട് പന്തിൽ 10), റയാൻ റിക്കിൽറ്റണും (പൂജ്യം) വീണു. മൂന്നാം വിക്കറ്റിൽ ബ്രെവിസും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ചേർന്നുളള രക്ഷാപ്രവർത്തനം. എട്ടാം ഓവറിൽ മാർക്രത്തെ വീഴ്ത്തി രചിൻ രവീന്ദ്രയുടെ ഇടംകൈയൻ സ്പിൻ. സ്‌കോർ ചെയ്യാൻ നന്നേ ബുദ്ധിമുട്ടിയ പ്രോട്ടീസ് ക്യാപ്റ്റന് 20 പന്തിൽ നിന്ന് 18 റൺസേ നേടാനായുള്ളൂ.
പിന്നാലെയെത്തിയ ഡേവിഡ് മില്ലറെയും (ആറ്) മടക്കിയ രചിൻ പ്രോട്ടീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറിൽ ബ്രെവിസിനെ ജെയിംസ് നീഷാമും വീഴ്ത്തിയതോടെ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന ദയനീയ അവസ്ഥയിലായി പ്രോട്ടീസ്. ആറാം വിക്കറ്റിൽ ഒന്നിച്ച സ്റ്റബ്സ് - യാൻസൻ സഖ്യം ദക്ഷിണാഫ്രിക്കയെ ചുമലിലേറ്റി. 47 പന്തിൽ നിന്ന് 73 റൺസ് ചേർത്ത ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് പ്രോട്ടീസ് സ്‌കോർ 150 കടന്നത്. ന്യൂസീലൻഡിനായി മാറ്റ് ഹെന്റി, കോൾ മക്കോൺസി, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ന്യൂസിലൻഡിന് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ ബൗളിങ് മികവ് നിർണായകമായി. മറുപടി ബാറ്റിങ്ങിൽ ഓപണർ ഫിൻ അലന്റെ അഗ്രസിവ് നീക്കങ്ങൾ തുടക്കത്തിൽ റണ്ണുയർത്താൻ സഹായകമാകും. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ടിം സീഫർട്ട്, ഡാരിൽ മിച്ചൽ എന്നിവരും ഫോമിലായാലും ഈഡൻ ഗാർഡൻസിൽ കിവികളുടെ റണ്ണുയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

