പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച് ഫിൻ അലൻ (100*); കലാശപ്പോരിന് ടിക്കറ്റെടുത്ത് കിവികൾ
text_fieldsസെഞ്ച്വറി നേടിയ ഫിൻ അലൻ ബാറ്റിങ്ങിനിടെ
കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു. ഓപണർമാരായ ടിം സീഫേർട്ടിന്‍റെയും ഫിൻ അലന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് ബ്ലാക് ക്യാപ്സിന്‍റെ ജയം എളുപ്പമാക്കിയത്. സീഫേർട്ട് (58) അർധ സെഞ്ച്വറി നേടി പുറത്തായപ്പോൾ അലൻ (100*) അപരാജിത സെഞ്ച്വറിയാണ് ഈഡൻ ഗാർഡനിൽ കുറിച്ചത്. ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് അവർ സ്വന്തമാക്കിയത്.
ഐ.സി.സി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ മുന്നേറിയ ടീമിന് സെമിയിൽ അടിപതറി. സ്കോർ: ദക്ഷിണാഫ്രിക്ക -20 ഓവറിൽ എട്ടിന് 169. ന്യൂസിലൻഡ് -12.5 ഓവറിൽ ഒന്നിന് 173. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളുമായി ഞായറാഴ്ചത്തെ ഫൈനലിൽ ന്യൂസിലൻഡ് ഏറ്റുമുട്ടും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. പ്രോട്ടീസ് ബൗളർമാരെ തുടർച്ചയായി ബൗണ്ടറി കടത്തിയതോടെ പവർപ്ലേയിൽ 84 റൺസ് പിറന്നു. 4.1 ഓവറിലാണ് സ്കോർ 50 പിന്നിട്ടത്. 7.5 ഓവറിൽ ടീം സ്കോർ മൂന്നക്കം കടന്നു. സീഫേർട്ട് 25 പന്തിലും ഫിൻ അലൻ 19 പന്തിലും അർധ ശതകം പൂർത്തിയാക്കി. ഒന്നാം വിക്കറ്റിൽ ഒമ്പത് ഓവറിൽ 117 റൺസാണ് ഓപണർമാർ കൂട്ടിച്ചേർത്തത്.
33 പന്തിൽ 58 റൺസ് നേടിയ സീഫേർട്ടിനെ പുറത്താക്കി റബാദയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ ക്രീസിലെത്തിയ രചിൻ രവീന്ദ്രയെ സാക്ഷിയാക്കി സെഞ്ച്വറി പൂർത്തിയാക്കിയ ഫിൻ അലൻ ടീമിനെ വിജയതീരമണക്കുകയും ചെയ്തു. 33 പന്തിൽ 10 ഫോറും എട്ട് സിക്സും ഉൾപ്പെടെ 100 റൺസുമായി അലൻ പുറത്താകാതെ നിന്നു. കളിയിലെ താരവും അലനാണ്. രചിൻ രവീന്ദ്ര 11 റൺസുമായി പുറത്താകാതെ നിന്നു.
പ്രോട്ടീസ് 169
കിവീസ് ബൗളർമാർക്ക് മുന്നിൽ അടിപതറിയ പ്രോട്ടീസ് ബാറ്റിങ്നിരയെ മധ്യനിരയിൽ ഇറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സും മാർകോ യാൻസനും ചേർന്ന് ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു. ഒരുഘട്ടത്തിൽ അഞ്ചിന് 77 എന്ന നിലയിൽ തകർച്ച മുന്നിൽക്കണ്ട ടീമിനെ ഇരുവരും ചേർന്ന് 150 കടത്തി. പുറത്താകാതെ 55 റൺസ് നേടിയ യാൻസനാണ് അവരുടെ ടോപ് സ്കോറർ. യാൻസന് പുറമെ ഡെവാൾഡ് ബ്രെവിസ് (34), സ്റ്റബ്സ് (29) എന്നിവർക്കു മാത്രമാണ് ഭേദപ്പെട്ട സ്കോർ അടിച്ചെടുക്കാനായത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 169 റൺസ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ രണ്ടാം ഓവറിൽ തന്നെ കിവീസ് ഞെട്ടിച്ചു. ഓഫ് ബ്രേക്ക് ബൗളർ കോൾ മക്കോൺചി എറിഞ്ഞ ഓവറിൽ ക്വിന്റൺ ഡിക്കോക്കും (എട്ട് പന്തിൽ 10), റയാൻ റിക്കിൽറ്റണും (പൂജ്യം) വീണു. മൂന്നാം വിക്കറ്റിൽ ബ്രെവിസും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ചേർന്നുളള രക്ഷാപ്രവർത്തനം. എട്ടാം ഓവറിൽ മാർക്രത്തെ വീഴ്ത്തി രചിൻ രവീന്ദ്രയുടെ ഇടംകൈയൻ സ്പിൻ. സ്‌കോർ ചെയ്യാൻ നന്നേ ബുദ്ധിമുട്ടിയ പ്രോട്ടീസ് ക്യാപ്റ്റന് 20 പന്തിൽ നിന്ന് 18 റൺസേ നേടാനായുള്ളൂ.
പിന്നാലെയെത്തിയ ഡേവിഡ് മില്ലറെയും (ആറ്) മടക്കിയ രചിൻ പ്രോട്ടീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറിൽ ബ്രെവിസിനെ ജെയിംസ് നീഷാമും വീഴ്ത്തിയതോടെ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന ദയനീയ അവസ്ഥയിലായി പ്രോട്ടീസ്. ആറാം വിക്കറ്റിൽ ഒന്നിച്ച സ്റ്റബ്സ് - യാൻസൻ സഖ്യം ദക്ഷിണാഫ്രിക്കയെ ചുമലിലേറ്റി. 47 പന്തിൽ നിന്ന് 73 റൺസ് ചേർത്ത ഈ കൂട്ടുകെട്ടിന്റെ ബലത്തിലാണ് പ്രോട്ടീസ് സ്‌കോർ 150 കടന്നത്. ന്യൂസീലൻഡിനായി മാറ്റ് ഹെന്റി, കോൾ മക്കോൺസി, രചിൻ രവീന്ദ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

