പ്രോട്ടീസ് വീര്യത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; 179ന് പുറത്ത്, ദക്ഷിണാഫ്രിക്ക സെമിയിൽ
text_fieldsദക്ഷിണാഫ്രിക്കക്കെതിരെ പുറത്തായി മടങ്ങുന്ന ഇംഗ്ലണ്ടിന്‍റെ ജോസ് ബട്ട്ലർ
കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് ബിയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലിഷ് നിര 38.2 ഓവറിൽ 179ന് ഓൾ ഔട്ടായി. 37 റൺസെടുത്ത ജോ റൂട്ടാണ് അവരുടെ ടോപ് സ്കോറർ. മൂന്ന് വീതം വിക്കറ്റുകൾ പിഴുത വിയാൻ മുൾഡറും മാർകോ യാൻസനുമാണ് പ്രോട്ടീസ് ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കിയതോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചു. ജയിച്ചാൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരുഘട്ടത്തിലും മികച്ച പാർട്നർഷിപ് സൃഷ്ടിക്കാനായില്ല. സ്കോർ ഒമ്പതിൽ നിൽക്കേ ഓപണർ ഫിൽ സാൾട്ട് (എട്ട്) വാൻഡർ ദസന് ക്യാച്ച് നൽകി മടങ്ങി. യാൻസനാണ് വിക്കറ്റ്. പിന്നാലെയെത്തിയ ജേമി സ്മിത്തിനെ പൂജ്യനാക്കി മടക്കി യാൻസൻ രണ്ടാം പ്രഹരവുമേൽപ്പിച്ചു. തന്‍റെ നാലാം ഓവറിൽ ബെൻ ഡക്കറ്റിനെ (24) റിട്ടേൺ ക്യാച്ചിലൂടെ മടക്കി മുൻനിരയുടെ പതനം ഉറപ്പാക്കിയാണ് യാൻസൻ സ്പെൽ അവസാനിപ്പിച്ചത്.
നിലയുറപ്പിച്ചു കളിച്ച ജോ റൂട്ടിനെ മുൾഡർ ക്ലീൻ ബോൾഡാക്കി. 44 പന്തിൽ നാലു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. ഹാരി ബ്രൂക് (19), ജോസ് ബട്ട്ലർ (21), ലയാം ലിവിങ്സ്റ്റൺ (ഒമ്പത്), ജേമി ഓവർടൻ (11), ജോഫ്ര ആർച്ചർ (25), ആദിൽ റഷീദ് (രണ്ട്), സാദിഖ് മഹ്മൂദ് (അഞ്ച്*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ലുംഗി എൻഗിഡി, കാഗിസോ റബാദ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

