റോസൂവിന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ 104 റൺസിന്റെ ജയവുമായി ദക്ഷിണാഫ്രിക്ക
text_fieldsസിഡ്നി: ആദ്യ കളി മഴയിൽ നഷ്ടമായ ദക്ഷിണാഫ്രിക്ക തകർപ്പൻ ജയത്തോടെ തിരിച്ചുവന്ന് സെമി ഫൈനൽ സാധ്യത നിലനിർത്തി. സൂപ്പർ 12ലെ ഗ്രൂപ്പ് രണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 104 റൺസിനായിരുന്നു വിജയം. ടോസ് ഭാഗ്യത്തിൽ ബാറ്റിങ്ങിനിറങ്ങിയ ആഫ്രിക്കൻ സംഘം റിലീ റോസൂവിന്റെ (56 പന്തിൽ 109) ശതകബലത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 205 റൺസടിച്ചുകൂട്ടി. ഒന്ന് പൊരുതാൻ പോലും നിൽക്കാതെ ബംഗ്ലാ ടീം 16.3 ഓവറിൽ 101ന് കൂടാരം കയറി.
3.3 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ആൻറിച് നോർയെയും 20 റൺസിന് മൂന്നുപേരെ പുറത്താക്കിയ തബ്രൈസ് ഷംസിയും ചേർന്നാണ് ബൗളിങ്ങിൽ പിടിമുറുക്കിയത്. ഓപണർ ക്വിന്റൺ ഡീകോക്ക് 38 പന്തിൽ 63 റൺസെടുത്ത് വീണ്ടും തിളങ്ങി. ഏഴ് ബൗണ്ടറിയും എട്ട് സിക്സും ചേർന്നതാണ് റോസൂവിന്റെ ഇന്നിങ്സ്. 31 പന്തിൽ 34 റൺസെടുത്ത ലിറ്റൻദാസ് ഒഴികെ ബംഗ്ലാദേശിന്റെ ഒരു ബാറ്റർക്കും പിടിച്ചുനിൽക്കാനായില്ല. മൂന്ന് പോയന്റുമായി ഗ്രൂപിൽ ഇന്ത്യക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയിപ്പോൾ.

