സൗരവ് ഗാംഗുലി വീണ്ടും ക്രിക്കറ്റ് ഭരണതലപ്പത്തേക്ക്; ബംഗാൾ ക്രിക്കറ്റിനെ ദാദ നയിക്കും
text_fieldsസൗരവ് ഗാംഗുലി
കൊൽക്കത്ത: ഇടവേളക്കു ശേഷം വീണ്ടും ക്രിക്കറ്റ് ഭരണ തലപ്പത്തേക്ക് തിരികെയെത്തി മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായി സൗരവ് ഗാംഗുലി.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായാണ് സൗരവിനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. 2019 മുതൽ 2022 വരെ ബി.സി.സി.ഐ പ്രസിഡന്റ് പദവി വഹിച്ച് പടിയിറങ്ങിയ ശേഷം, ഏതാനും വർഷത്തെ ഇടവേളയെടുത്താണ് മുൻ നായകന്റെ തിരിച്ചുവരവ്.
സഹോദരൻ സ്നേഹാഷിഷ് ഗാംഗുലിയുടെ പിൻഗാമിയായാണ് സൗരവ് സി.എ.ബി അധ്യക്ഷ പദവിയിൽ വീണ്ടുമെത്തുന്നത്. നേരത്തെ 2015 മുതൽ 2019വരെയും സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. തുടർന്നാണ് ബി.സി.സി.ഐ പ്രസിഡന്റായി മാറിയത്.
വീണ്ടും സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നതോടെ സെപ്റ്റംബർ 28ന് മുംബൈയിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡിയിൽ ഗാംഗുലിയും പങ്കെടുക്കും.
കഴിഞ്ഞയാഴ്ചയായിരുന്നു ഇദ്ദേഹം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ലീഗ് ടീമായ പ്രിട്ടോറിയ കാപിറ്റൽസിന്റെ പരിശീലകനായി നിയമിതനായത്.
ഐ.പി.എൽ ഒത്തുകളി വിവാദത്തിനു പിന്നാലെ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് മുദ്ഗൽ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചാണ് സൗരവ് ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിനൊപ്പം ചേരുന്നത്. പിന്നീട് 2015ലായിരുന്നു ബംഗാൾ ക്രിക്കറ്റ് അധ്യക്ഷനാവുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായിരുന്ന ഗാംഗുലി 113 ടെസ്റ്റും, 311 ഏകദിനവും കളിച്ചാണ് പടിയിറങ്ങിയത്. ഒരുപിടി യുവതാരങ്ങളെ ദേശീയ ടീമിലെത്തിച്ച്, വളർത്തി വലുതാക്കിയ നായകനായും ഗാംഗുലിയെ അടയാളപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

