അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടിയുടെ മാനനഷ്ട കേസ് നൽകി സൗരവ് ഗാംഗുലി
text_fieldsകൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായുള്ള അർജന്‍റീന ഫുട്ബാൾ ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലി. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ക്ലബ് പ്രസിഡന്‍റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കൊൽക്കത്ത പൊലീസിന്‍റെ സൈബർ സെല്ലിന് പരാതി നൽകിയത്.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്‍റെ വിവാദ പരാമർശം. അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാഹയുടെ പ്രസ്താവനകൾ തന്‍റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു. തെറ്റായ, ദുരുദ്ദേശത്തോടെയുള്ള അപകീർത്തികരമായ പരാമർശമാണ് നടത്തിയെന്നും തന്‍റെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കാനായി മനപൂർവം നടത്തിയതാണെന്നും പരാതിയിൽ വ്യക്തമാക്കി.
നിലനിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസ്സിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗെസ്റ്റെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു. ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസ്സി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.
സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ ദത്ത നിലവിൽ റിമാൻഡിലാണ്. സ്റ്റേഡിയത്തിൽ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്യവെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. മൈതാനം കൈയേറിയ കാണികൾ കസേരയും ബോർഡുകളുമടക്കം കൈയിൽക്കിട്ടിയതെല്ലാം നശിപ്പിച്ചു. സ്റ്റേഡിയത്തിനു പുറത്ത് പൊലീസുമായും ഏറ്റുമുട്ടി. ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് ദത്ത അറിയിച്ചിട്ടുണ്ട്. മെസ്സിയുടെ ഹൈദരാബാദിലെ പരിപാടിയിൽ പങ്കെടുക്കാനായി യാത്ര തിരിക്കവെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽവെച്ചാണ് ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര തലത്തിൽ തന്നെ വലിയ നാണക്കേടായതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാപ്പു പറയുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഹൈദരാബാദിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ട മെസ്സിയെയും സംഘത്തെയും ശതാദ്രുവും പിന്തുടരുകയായിരുന്നു. കൊൽക്കത്തയിൽ വലിയ പ്രശ്നങ്ങളുണ്ടായെങ്കിലും ശതാദ്രു സ്റ്റേഡിയത്തിൽ തുടരാൻ തയാറായിരുന്നില്ല. എന്നാൽ നിർദേശങ്ങൾ ലഭിച്ചതോടെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ശതാദ്രുവിനെ തടഞ്ഞുവെച്ചു. പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

