'നീ കാത്തിരിക്കണം, സഞ്ജുവും അഭിഷേകും മികച്ച ഫോമിലാണ്; സൂര്യവംശിയോട് ശ്രേയസ് പറഞ്ഞത്!
text_fieldsന്യൂഡൽഹി: വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. അഭിഷേക് ശർമയും സഞ്ജു സാംസണും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന മികച്ച ഓപ്പണർമാരാണെന്നും നിലവിൽ ഈ കൂട്ടുകെട്ടിന് മാനേജ്മെന്റ് പിന്തുണ തുടരുമെന്നും ശ്രേയസ് വ്യക്തമാക്കി. വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 2-2ന് അവസാനിച്ചതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.
പരമ്പരയിൽ 15കാരനായ സൂര്യവംശിക്ക് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അഫ്ഗാനിസ്താനെതിരായ പരമ്പരയിലും താരം പ്ലേയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല. ഈ സാഹചര്യത്തിൽ യുവതാരവുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ശ്രേയസ് നിലപാട് വ്യക്തമാക്കിയത്.
“നിനക്ക് അവസരം ലഭിക്കും എന്നാണ് ഞാൻ അവനോട് പറയാറുള്ളത്. ലോകകപ്പ് നേടിത്തരുന്നതിൽ നിർണായക പങ്കുവഹിച്ച രണ്ട് ബാറ്റർമാർ നമുക്കുണ്ട്. അവർ റൺസ് നേടുന്നതിലും സ്ഥിരത പുലർത്തുന്നവരാണ്. സ്വന്തം പ്രകടനത്തിലും സമീപനത്തിലും സ്ഥിരത നിലനിർത്തുക. അവസരം ലഭിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ അമിതമായി ചിന്തിക്കേണ്ടതില്ല,” ശ്രേയസ് പറഞ്ഞു.
ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയശേഷം ടീമിൽ അവസരം ലഭിക്കാത്തതിൽ സൂര്യവംശിക്ക് എന്താണ് തോന്നുന്നതെന്ന് തനിക്ക് മനസ്സിലാകുമെന്നും ശ്രേയസ് കൂട്ടിച്ചേർത്തു. എന്നാൽ ചിലപ്പോൾ അവസരത്തിനായി കാത്തിരിക്കേണ്ടിവരുമെന്നും അഫ്ഗാനിസ്താനെതിരായ പരമ്പര മുതൽ യുവതാരവുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിൽ തുടർച്ചയായി കുറഞ്ഞ സ്കോറുകൾ നേടിയതിനെത്തുടർന്നാണ് സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ഒരു മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്.
എന്നാൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളിലും ഐ.പി.എല്ലിലെ മികവ് ആവർത്തിക്കാൻ സൂര്യവംശിക്കായില്ല. ഇതോടെ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ സഞ്ജു ടീമിൽ തിരിച്ചെത്തി. ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ പിന്നീട് സിംബാബ്‌വെ പരമ്പരയിൽ വിശ്രമിപ്പിച്ചിരുന്നു.
അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ ടീമിലെത്തിയ സഞ്ജു സൂര്യവംശിക്ക് പകരം പ്ലേയിങ് ഇലവനിൽ ഇടം നേടി. ഏഷ്യൻ ഗെയിംസിൽ അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യവംശി എന്നിവർ ഒരുമിച്ച് കളിച്ചിരുന്നെങ്കിലും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ യുവതാരത്തിന് വീണ്ടും പുറത്തിരിക്കേണ്ടിവന്നു.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമോയെന്നാണ് ഇനി ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. നിലവിലെ ഓപ്പണിങ് കൂട്ടുകെട്ടിൽ വിശ്വാസമർപ്പിക്കുന്ന ടീം മാനേജ്മെന്റ് യുവതാരത്തിന് അവസരം നൽകാൻ കാത്തിരിക്കണമെന്ന നിലപാടിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

