സ്മൃതി മന്ദാന മികച്ച വനിതാ ഏകദിന താരം; ഐ.സി.സി പുരസ്കാരം മൂന്നാം തവണ
text_fieldsസ്മൃതി മന്ദാന
ദുബൈ: ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനയെ 2024ലെ ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരമായി തെരഞ്ഞെടുത്തു. 2018ലും 2022ലും വനിതാ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തെരഞ്ഞെടുത്ത സമൃതിയെ തേടി മൂന്നാം തവണയാണ് ഐ.സി.സി പുരസ്കാരമെത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്, ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, വെസ്റ്റിൻഡീസിന്റെ ഹയ്‍ലി മാത്യൂസ് എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം.
പോയവർഷം 13 ഇന്നിങ്സിൽനിന്ന് 57.46 ശരാശരിയിൽ 747 റൺസാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. നാല് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും സഹിതമാണിത്. 697 റൺസ് നേടിയ വോൾവാർട് ആണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്. പോയവർഷം 95 ഫോറും ആറ് സിക്സറുകളുമാണ് സ്മൃതിയുടെ ബാറ്റിൽനിന്ന് പിറന്നത്. 738 റേറ്റിങ് പോയിന്റുമായി ലോക രണ്ടാം നമ്പർ വനിതാ ബാറ്ററാണ് 28കാരിയായ സ്മൃതി മന്ദാന.
അതേസമയം അഫ്ഗാനിസ്താൻ ഓൾറൗണ്ടർ അസ്മത്തുല്ല ഒമർസായ് മികച്ച പുരുഷ ഏകദിന താരമായി. പോയവർഷം അഫ്ഗാനിസ്താൻ കളിച്ച അഞ്ചിൽ നാല് പരമ്പരകളിലും ജയം സ്വന്തമാക്കിയിരുന്നു. അയർലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകൾക്കെതിരെയാണ് അഫ്ഗാന്റെ ജയം. ദേശീയ ടീമിനു വേണ്ടി രണ്ടാമത്തെ മികച്ച റൺ വേട്ടക്കാരനും രണ്ടാമത്തെ മികച്ച വിക്കറ്റ് ടേക്കറുമാണ് അസ്മത്തുല്ല ഒമർസായ്. 14 മത്സരങ്ങളിൽനിന്ന് 417 റൺസും 17 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

