സിക്സിൽ റെക്കോഡിട്ട് മന്ദാന, നേട്ടം കൈവരിക്കുന്ന ആദ്യ താരം; കീവീസിനെതിരെ വെടിക്കെട്ട് സെഞ്ച്വറി
text_fieldsസ്മൃതി മന്ദാന
മുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ സൂപ്പർതാരം സ്മൃതി മന്ദാന. സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 95 പന്തിൽ നാലു സിക്സും 10 ഫോറുമടക്കം 109 റൺസെടുത്താണ് മന്ദാന പുറത്തായത്. 88 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്.
മത്സരത്തിൽ ഒരു ലോക റെക്കോഡും താരം സ്വന്തമാക്കി. വനിത ഏകദിനത്തിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിസ്കുകൾ നേടുന്ന താരമെന്ന നേട്ടമാണ് മന്ദാന കൈവരിച്ചത്. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയുടെ റെക്കോഡാണ് (28 സിക്സുകൾ) താരം മറികടന്നത്. മത്സരത്തിൽ രണ്ടാം സിക്സ് നേടിയതോടെയാണ് മന്ദാന ചരിത്രം കുറിച്ചത്. ഈ വർഷം ഇതുവരെ 30 സിക്സുകളാണ് താരം നേടിയത്.
വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ മന്ദാന രണ്ടാമതെത്തി. താരത്തിന്‍റെ ഏകദിന കരിയറിലെ 14ാം സെഞ്ച്വറിയാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പിറന്നത്. 15 സെഞ്ച്വറികൾ നേടിയ മുൻ ആസ്ട്രേലിയൻ താരം മെഗ് ലാന്നിങ്ങാണ് ഒന്നാമത്. ഈ വർഷം മന്ദാന നേടുന്ന അഞ്ചാം സെഞ്ച്വറിയും. മറ്റൊരു ഓപ്പണറായ പ്രതിക റാവൽ കൂടി സെഞ്ച്വറി നേടിയതോടെ കീവീസിനെതിരെ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ വനിതകൾ. നിലവിൽ 41 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തിട്ടുണ്ട് ഇന്ത്യ. 130 പന്തിൽ 114 റൺസുമായി പ്രതിക റാവലും 23 പന്തിൽ 27 റൺസുമായി ജെമീമ റോഡ്രിഗസുമാണ് ക്രീസിൽ.
ഏകദിന ക്രിക്കറ്റിൽ 1000 റൺസെന്ന നാഴികക്കല്ല് 25കാരിയായ പ്രതിക റാവൽ പിന്നിട്ടു. ഇതോടെ വനിത ഏകദിന ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് പൂർത്തിയാക്കിയ ലിൻഡ്സെ റീലറുടെ 37 വർഷം പഴക്കുമുള്ള റെക്കോഡിനൊപ്പമെത്തി. കഴിഞ്ഞ വർഷം വഡോദരയിൽ വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച പ്രതിക 23 ഇന്നിങ്സുകളിൽനിന്നാണ് 1000 റൺസ് പൂർത്തിയാക്കിയത്.
ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇതിനകം മൂന്നു ടീമുകളാണ് ടിക്കറ്റെടുത്തത് -ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക. നാലാമത്തെ ടീമിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്നു ടീമുകൾക്ക് ഒരുപോലെ സാധ്യതുണ്ട്. ആതിഥേയരായ ഇന്ത്യക്ക് പുറമെ ന്യൂസിലൻഡിനും ശ്രീലങ്കക്കും. അഞ്ചു മത്സരങ്ങളിൽനിന്ന് ഇന്ത്യക്കും കീവീസിനും നാലു പോയന്‍റാണെങ്കിലും റൺ റേറ്റിൽ ഇന്ത്യ ഏറെ മുന്നിലാണ്. കളിച്ച ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ചാണ് പ്രോട്ടീസ് വനിതകൾ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്. അഞ്ചു കളിയിൽ നാലു വീതം ജയവുമായി ഓസീസും ഇംഗ്ലണ്ടും സെമി ബെർത്ത് ഉറപ്പിക്കുകയായിരുന്നു. എട്ടു ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.
ലീഗ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, പിന്നീടുള്ള മൂന്നു മത്സരങ്ങളും തോറ്റതാണ് തിരിച്ചടിയായത്. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസീസിനോടും തോറ്റ ഇന്ത്യ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോടും തോൽവി സമ്മതിക്കുകയായിരുന്നു
ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
നിലവിൽ അഞ്ചു മത്സരങ്ങളിൽ രണ്ടു ജയവുമായി ഹർമൻപ്രീത് കൗറും സംഘവും നാലാം സ്ഥാനത്താണ്. 0.526 ആണ് നെറ്റ് റൺ റേറ്റ്. ഗ്രൂപ്പ് റൗണ്ടിൽ ഇനി രണ്ടു മത്സരങ്ങളാണ് ബാക്കിയുള്ളത് -ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകൾക്കെതിരെ. ഈ രണ്ടു മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. കീവീസിനെതിരായ മത്സരം ജയിച്ചാലും സെമി സാധ്യതയുണ്ട്. ന്യൂസിലൻഡിനെതിരെ ജയിക്കുകയും ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ ഇന്ത്യക്ക് ആറു പോയന്‍റാകും. ലങ്ക അത്ഭുതം കാണിച്ചില്ലെങ്കിൽ മികച്ച റൺ റേറ്റുള്ള ഇന്ത്യക്ക് സെമിയിൽ കടക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

