Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെക്കോഡ് മന്ദാന! മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം; ഹോങ്കോങ്ങിനെതിരെ തകർപ്പൻ സെഞ്ച്വറി

text_fields
bookmark_border
റെക്കോഡ് മന്ദാന! മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം; ഹോങ്കോങ്ങിനെതിരെ തകർപ്പൻ സെഞ്ച്വറി
cancel

ദുബൈ: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മന്ദാന. വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ 18ാം ഓവറിൽ ഹോങ്കോങ്ങിന്‍റെ രുചിത വെങ്കെടേഷിനെതിരെ കൂറ്റൻ സിക്സർ പറത്തി 113 റൺസിലെത്തിയപ്പോഴാണ് മന്ദാന ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഓപണറായി കളത്തിലെത്തി 20ാം ഓവർ വരെ ആക്രമിച്ചു കളിച്ച സ്മൃതി മന്ദാന 64 പന്തിൽ ഏഴ് സിക്സും 14 ബൗണ്ടറിയും പറത്തിയാണ് 124 റൺസെടുത്താണ് പുറത്തായത്.

വനിതാ ട്വന്‍റി20 ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ട്വന്‍റി20യിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (18 എണ്ണം) നേടിയ റെക്കോഡും മന്ദാനയുടെ പേരിലായി. ആസ്ട്രേലിയൻ ഇതിഹാസം മെഗ് ലാനിങ്ങിനെയാണ് (17 സെഞ്ച്വറികൾ) മന്ദാന പിന്തള്ളിയത്. മന്ദാനയുടെ വെടിക്കെട്ട് സെഞ്ച്വറി മികവിൽ ഹോങ്കോങ്ങിനെതിരെ 137 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. ഹോങ്കോങ് 16.2 ഓവറിൽ 56 റൺസിന് എല്ലാവരും പുറത്തായി.

സ്മൃതിക്കു പുറമെ ഷെഫാലി വർമ (28), പ്രതിക റവാൽ (10), റിച്ച ഘോഷ് (11), ഹർമൻ പ്രീത് കൗർ (10) എന്നിവരും ഇന്ത്യൻ സ്കോർ ബോർഡിൽ സംഭാവന നൽകി. ഭാരതി ഫുൽമാലിയും (2) ദീപ്തി ശർമയും (1) പുറത്താകാതെ നിന്നു. ടോസ് നേടിയ ഹോങ്കോങ്ങ് ഇന്ത്യയെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ സ്മൃതിയും ഷെഫാലിയും നൽകിയ തുടക്കം തന്നെയായിരുന്നു ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ പോസിറ്റീവ് ടൂൾ. എട്ട് ഓവറിൽ ടീം ടോക്കൽ 74ലെത്തിയ ശേഷം മാത്രമോ ഈ കൂട്ടുകെട്ട് പരിഞ്ഞുള്ളൂ. പിന്നാലെ ക്രീസിലെത്തിയവരെ കൂട്ടുപിടിച്ച് സ്മൃതി മന്ദാനായ അനായാസം സ്കോർബോർഡ് ചലിപ്പിച്ചു.

ഹോങ്കോങ് നിരയിൽ ക്യാപ്റ്റൻ നതാഷ മൈൽസും (15) വിക്കറ്റ് കീപ്പർ യസ്മിൻ ദാസ്വനിയും (11) മറീന ലാംപ്ലോയും (14) മാത്രമാണ് രണ്ടക്കം കടന്നത്. രണ്ടുപേർ ഡക്കായും മൂന്നുപേർ ഒരു റണ്ണുമെടുത്തും മടങ്ങി. മൂന്ന് വിക്കറ്റുകൾ നേടിയ ദീപ്തി ശർമ, രണ്ടുവീതം വിക്കറ്റുകളുമായി നന്ദനി ശർമ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരുടെ പ്രകടനമാണ് ഹോങ്കോങ്ങിനെ തകർത്തത്.

ആദ്യ മത്സരത്തിൽ തായ്‍ലൻഡിനെ 94 റൺസിന് തോൽപിച്ച ഇന്ത്യ അതോടെ സെമി ഉറപ്പിച്ചു. ശനിയാഴ്ച പാകിസ്താനെതിരായാണ് ഗ്രൂപ്പിലെ അവസാന മത്സരം.

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ:

10880 - സ്മൃതി മന്ദാന

10868 - മിതാലി രാജ്

10740 - സൂസി ബേട്സ്

10273 - ചാർലറ്റ് എഡ്വേർഡ്സ്

10007 - സ്റ്റെഫാനി ടെയ്‌ലർ

കെ.സി.എൽ: കാലിക്കറ്റ് സെമിയിൽ

കാര്യവട്ടം (തിരുവനന്തപുരം): ജീവന്മരണപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ് റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് കെ.സി.എല്ലിന്‍റെ സെമി ഫൈനലിൽ കടന്നു. സെഞ്ച്വറി നേടിയ റോയൽസിന്‍റെ വിഷ്ണു വിനോദിന്‍റെ ഒറ്റയാൾ പോരാട്ടവും ഐ.പി.എൽ താരമായ വിഘ്നേഷ് പുത്തൂരിന്‍റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മൽസരത്തെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടിയപ്പോൾ 19.3 ഓവറിൽ 177റൺസ് നേടിയപ്പോഴേക്കും ട്രിവാൻഡ്രം റോയൽസ് ഓൾഔട്ടായി. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്നേഷ് പുത്തൂരാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ക്യാപ്ടൻ രോഹൻ കുന്നുമ്മലും (35), അഖിൽ സ്കറിയ (29), ജോസ് പെരയിൽ (31 എന്നിവർ മികച്ച തുടക്കം നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച സൽമാൻ നിസാറും അശ്വിൻ ആനന്ദും ചേർന്നാണ് കാലിക്കറ്റിന്‍റെ സ്കോർ 184ൽ എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന്‍റെ ബാറ്റിങ് നിരയിൽ വിഷ്ണു വിനോദ് ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ മത്സരത്തിന്‍റെ ആവേശം അവസാനം വരെ നിലനിർത്താൻ വിഷ്ണുവിനായി. 13.3 ഓവറിൽ ആറ് വിക്കറ്റിന് 97 റൺസെന്ന നിലയിലായിരുന്നു റോയൽസ്. വിഷ്ണു വിനോദ് 56 പന്തുകളിൽ സെഞ്ച്വറി പൂർത്തിയാക്കി. അവസാന ഓവറിൽ ജയിക്കാൻ ഒമ്പത് റൺസ് വേണ്ടിയിരുന്ന റോയൽസ് 177 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്നേഷ് പുത്തൂർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് ടീമുകൾ നേരത്തെ സെമിയിൽ പ്രവേശിച്ചു. സെമി മൽസരങ്ങൾ ഇന്ന് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Smriti Mandhana Breaks Mithali Raj's All-Time World Record
Next Story