മന്ദാന ബാറ്റിനെ പ്രണയിച്ചതോ...
text_fieldsകേപ്ടൗൺ: ചേട്ടൻ എറിഞ്ഞുകൊടുത്ത ചെറിയ പന്തുകൾ കുട്ടിബാറ്റുകൊണ്ട് അടിച്ചുപറത്തിയ രണ്ടു വയസ്സുകാരി പെൺകുഞ്ഞ്. മുംബൈയിലെ മാർവാഡി കുടുംബത്തിൽ ഫാക്ടറി ജീവനക്കാരനായ ശ്രീനിവാസ് മന്ദാനയുടെയും സ്മിതയുടെയും മകളായി പിറന്നവൾ നന്നേ ചെറുപ്പത്തിലേ അച്ഛനെയും സഹോദരനെയുംപോലെ ക്രിക്കറ്റ് താരമാവണമെന്ന് ആഗ്രഹിച്ചു. ചേട്ടൻ ശ്രാവൺ മത്സരങ്ങൾക്കൊപ്പം പരിശീലനത്തിനും അനിയത്തിയെയും കൂടെക്കൂട്ടി. കുടുംബം പിന്നീട് സാംഗ്ലിയിലേക്ക് മാറിയപ്പോൾ അവൾക്കൊപ്പം ക്രിക്കറ്റ് മോഹവും വളർന്നു. ഒമ്പതു വയസ്സ് മാത്രമുള്ളപ്പോൾ മഹാരാഷ്ട്രയുടെ അണ്ടർ 15 ടീമിൽ. തുടർന്ന് അണ്ടർ 19 സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അന്ന് വയസ്സ് 11. വഡോദരയിലെ ആലംബിക് ക്രിക്കറ്റ് മൈതാനത്ത് നടന്ന മഹാരാഷ്ട്ര-ഗുജറാത്ത് പശ്ചിമമേഖല അണ്ടർ 19 ടൂർണമെന്റിൽ 16കാരി അപരാജിതയായി അടിച്ചുകൂട്ടിയത് 150 പന്തിൽ 224 റൺസ്. അതുവരെ അന്താരാഷ്ട്ര വനിത ടെസ്റ്റ് ക്രിക്കറ്റിൽപോലും കേട്ടുകേൾവിയില്ലാത്തതായിരുന്നു ഇരട്ടശതകമെങ്കിൽ ആഭ്യന്തര ഏകദിനത്തിൽ 224 റൺസ് സ്കോർ ചെയ്ത അവളെ രാജ്യവും ലോകവും ശ്രദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ക്വെബർഹ സെന്റ് ജോർജ് പാർക്കിൽ നടന്ന വനിത ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെതിരെ 56 പന്തിൽ 87 റൺസ് നേടി ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചതിൽ എത്തിനിൽക്കുന്നു സ്മൃതി മന്ദാനയെന്ന സ്റ്റൈലിഷ് ബാറ്ററുടെ ക്രിക്കറ്റ് യാത്ര.
ശ്രീനിവാസ് മന്ദാനയും മകൻ ശ്രാവണും ജില്ലതലം വരെ ക്രിക്കറ്റ് കളിച്ചവരാണ്. സ്മൃതി പക്ഷേ, ഒരുപടികൂടി കടന്നു ദേശീയതലത്തിലും പിന്നെ അന്തർദേശീയ തലത്തിലുമെത്തി. നിലവിൽ ഇന്ത്യൻ വനിത ടീമിന്റെ ഉപനായിക. വിരലിനേറ്റ പരിക്ക് കാരണം ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായെങ്കിലും തിരിച്ചുവന്ന് ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരെ തുടർച്ചയായ രണ്ട് അർധശതകങ്ങൾ നേടി 26കാരി. 115 ട്വന്റി20 മത്സരങ്ങളിൽ 124.05 സ്ട്രൈക്ക് റേറ്റിൽ 2800 റൺസ്. 77 ഏകദിനങ്ങളിൽ 83.91 സ്ട്രൈക്ക് റേറ്റിൽ അഞ്ചു ശതകങ്ങളും 25 അർധശതകങ്ങളും അടക്കം 3073 റൺസും.
ട്വന്റി20യിൽ 22 അർധശതകങ്ങൾ നേടി ആഗോള തലത്തിൽ തന്നെ രണ്ടാമത്. 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മികച്ച വനിത ക്രിക്കറ്ററായും ഏറ്റവും കൂടുതൽ റൺസ് നേടിയതോടെ പോയവർഷത്തെ മികച്ച ഏകദിന താരമായും സ്മൃതി തിരഞ്ഞെടുക്കപ്പെട്ടു. 2021ലും ഐ.സി.സി വിമൻ ക്രിക്കറ്റർ ഓഫ് ദി ഇയറായി. പുരുഷ ക്രിക്കറ്റിൽ സചിൻ ടെണ്ടുൽകർ ഒഴിച്ചിട്ട സ്ഥാനത്തേക്ക് വിരാട് കോഹ്ലി കയറിവന്നപോലെ വനിത ക്രിക്കറ്റിൽ മിഥാലി രാജിന്റെ വിടവറിയിക്കാതെ ഇന്ത്യൻ ടീമിനെ ചുമലിലേറ്റി സ്മൃതി. 2013ലായിരുന്നു ഏകദിനത്തിലും ട്വന്റി20യിലും അരങ്ങേറ്റം. പിറ്റേ വർഷം ടെസ്റ്റ് ടീമിലുമെത്തി. തിങ്കളാഴ്ച പുറത്തെടുത്തത് ട്വന്റി20യിലെ കരിയർ ബെസ്റ്റ് പ്രകടനം.
കുറഞ്ഞകാലം കൊണ്ട് ആഭ്യന്തര ക്രിക്കറ്റിൽ വൻ നേട്ടങ്ങളുണ്ടാക്കിയാണ് ഇടൈങ്കയൻ ബാറ്റർ ഇന്ത്യൻ സംഘത്തിൽ സ്ഥാനമുറപ്പിച്ചത്. 2021-22ലെ വനിത ബിഗ്ബാഷ് ലീഗിൽ സിഡ്നി തണ്ടറിനായി ഇറങ്ങി സെഞ്ച്വറിയുൾപ്പെടെ തകർപ്പൻ പ്രകടനം. വിദേശത്ത് ബ്രിസ്ബേൻ ഹീറ്റ്, ഹൊബാർട്ട് ഹൂരികേൻ, വെസ്റ്റേൺ സ്റ്റോം, സതേൺ ബ്രേവ് തുടങ്ങിയ ടീമുകളുടെയും ജഴ്സിയണിഞ്ഞു. ഏതാനും ദിവസം മുമ്പ് നടന്ന പ്രഥമ ഇന്ത്യൻ വനിത പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 3.4 കോടി രൂപക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി സ്മൃതിയെ.
പിന്നാലെ ടീമിന്റെ നായികയായും പ്രഖ്യാപിച്ചു. നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വനിത താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. ഇൻസ്റ്റഗ്രാമിൽ ലോകത്തുതന്നെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വനിത ക്രിക്കറ്റർ. മുക്കാൽ കോടിയോളം പേർ പിന്തുടരുന്നുണ്ട്. 2019ൽ രാജ്യം അർജുന പുരസ്കാരം നൽകി ഇവരെ ആദരിച്ചിരുന്നു. ലോകകിരീടമെന്ന ഇന്ത്യയുടെ ഇതുവരെ നടക്കാത്ത മനോഹര സ്വപ്നത്തിലേക്ക് സ്മൃതി ബാറ്റ് വീശുമെന്ന പ്രത്യാശയിലാണ് ക്രിക്കറ്റ് പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.