സ്മൃതി മന്ദാനക്ക് സെഞ്ച്വറി; ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 102 റൺസ് ജയം
text_fieldsസ്മൃതി മന്ദാന
മുല്ലൻപുർ (പഞ്ചാബ്): ആസ്ട്രേലിയക്കെതിരായ രണ്ടാം വനിത ഏകദിനത്തിൽ തകർപ്പൻ ജയം നേടി ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തി. 102 റൺസിനായിരുന്നു ആതിഥേയരുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ സ്മൃതി മന്ദാനയുടെ (91 പന്തിൽ 117) തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ 49.5 ഓവറിൽ 292 റൺസ് നേടി. ഒരു പന്ത് ബാക്കി നിൽക്കെ എല്ലാവരും പുറത്താവുകയായിരുന്നു. സന്ദർശകർക്ക് പക്ഷെ 40.5 ഓവറിൽ 190ൽ അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി.
77 പന്തിലായിരുന്നു മന്ദാനയുടെ ശതകം. 14 ഫോറും നാല് സിക്സും ഇന്നിങ്സിന് മാറ്റുകൂട്ടി. ഓപണർ പ്രതിക റാവൽ (25), ഹർലീൻ ഡിയോൾ (10), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17), ദീപ്തി ശർമ (40), റിച്ച ഘോഷ് (29) എന്നിങ്ങനെയായിരുന്നു മറ്റു പ്രധാന ബാറ്റർമാരുടെ സംഭാവനകൾ. 9.5 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നുപേരെ മടക്കിയ പേസർ ക്രാന്തി ഗൗഡാണ് ആസ്ട്രേലിയൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.
അന്നബെൽ സതർലൻഡ് (45), എല്ലിസ് പെറി (44) എന്നിവരൊഴികെ ആർക്കും പിടിച്ചുനിൽക്കാനായില്ല. നിർണായകമായ മൂന്നാം മത്സരം സെപ്റ്റംബർ 20ന് ഡൽഹിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

