ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിന് സിറാജിന്റെ വക 4.15 ലക്ഷം; കൈയടിച്ച് ക്രിക്കറ്റ് ലോകം
text_fieldsകൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ മാസ്മരിക പ്രകടനമായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റേത്. ഏഴോവറിൽ 21 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത താരത്തിന്റെ പ്രഹരത്തിൽ ആതിഥേയരായ ശ്രീലങ്ക 50 റൺസിനാണ് ആൾഒൗട്ടായത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ചെയ്ത പ്രവൃത്തിക്ക് കൈയടിക്കുകയാണിപ്പോൾ ക്രിക്കറ്റ് ലോകം.
മാൻ ഓഫ് ദി മാച്ച് സമ്മാനത്തുകയായി ലഭിച്ച 5000 ഡോളർ (4.15 ലക്ഷം രൂപ) പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നൽകുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ‘അവർ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, അവരുടെ ജോലിയില്ലാതെ ടൂർണമെന്റ് മുന്നോട്ട് പോകില്ലായിരുന്നു’, സിറാജ് സമ്മാനദാന ചടങ്ങിൽ പറഞ്ഞു.
ഏഷ്യാ കപ്പിലെ പല മത്സരങ്ങൾക്കും മഴ വില്ലനായിരുന്നു. പിച്ച് നനയാതിരിക്കാനും ഔട്ട്ഫീൽഡ് ഉണക്കാനുമെല്ലാം കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ചെയ്ത വിശ്രമമില്ലാത്ത പ്രവൃത്തികൾ ഏറെ പ്രശംസ നേടിയിരുന്നു. നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ശ്രീലങ്കൻ ക്രിക്കറ്റ് കൗൺസിലും ചേർന്ന് 50,000 ഡോളറും (41.54 ലക്ഷം രൂപ) കാൻഡിയിലെയും കൊളംബോയിലെയും ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനമായി നൽകാൻ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

