ഗിൽ, ശ്രേയസ്, ഋഷഭ് പന്ത്‍? ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ തെരഞ്ഞെടുത്ത് ഗവാസ്കർ
text_fieldsമുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകൻ ആരാകുമെന്ന ചർച്ചകൾക്കിടെ പുതിയ നായകനെ തെരഞ്ഞെടുത്ത് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. ഇംഗ്ലണ്ടിനെതിരെ ജൂണിൽ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ വരുംദിവസങ്ങളിൽ നായകനെയും സ്ക്വാഡിനെയും പ്രഖ്യാപിക്കണം.
യുവതാരം ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെല്ലാം ടീമിനെ നയിക്കാൻ യോഗ്യരാണെന്ന് പറയുമ്പോഴും ഗവാസ്കർ പ്രഥമ പരിഗണന നൽകുന്നത് ഗില്ലിനാണ്. രോഹിത് ശർമ ടെസ്റ്റിൽനിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി.സി.സി.ഐ പുതിയ ക്യാപ്റ്റനായുള്ള ചർച്ചകൾ തുടങ്ങിയത്. ഗിൽ, ശ്രേയസ്, പന്ത് എന്നിവർക്ക് വ്യത്യസ്തമായ ക്യാപ്റ്റൻസി ശൈലികളാണെങ്കിലും കളിക്കളത്തിൽ ഏറ്റവും കൂടുതൽ ഇടപെടുന്നത് ഗില്ലാണെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. ‘പുതിയ നായകന് നമ്മുടെ സൂപ്പർ നായകന്മാരായ എം.എസ്. ധോണി, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ ഉയർച്ചയിലെത്താൻ വർഷങ്ങളെടുക്കും. ക്യാപ്റ്റൻസിയിൽ വ്യത്യസ്ത ശൈലി കൊണ്ടുവന്നവരാണ് മൂവരും. നായക സാധ്യതയിൽ മുന്നിലുള്ള താരങ്ങളായ ഗിൽ, അയ്യർ, പന്ത് എന്നിവരിൽ മൂവരുടെയും (ധോണി, കോഹ്ലി, രോഹിത്) നേതൃഗുണങ്ങൾ കാണാനാകും. ഒരുപക്ഷേ ഗില്ലായിരിക്കും ഇക്കൂട്ടത്തിൽ കൂടുതൽ ഇടപെടുന്നയാൾ’ -ഗവാസ്കർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞവർഷം സിംബാബ്വെയിൽ അഞ്ചു ട്വന്‍റി20 പരമ്പരകളിൽ ഇന്ത്യയെ നയിച്ചത് ഗില്ലായിരുന്നു. ഐ.പി.എല്ലിൽ തുടർച്ചയായ രണ്ടാം സീസണിലാണ് ഗുജറാത്ത് ടൈറ്റൻസിനെ ഗിൽ നയിക്കുന്നത്. നേരത്തെ, രോഹിത്തിന്‍റെ പിൻഗാമിയായി പേസർ ജസ്പ്രീത് ബുംറക്കാണ് ഏറ്റവും സാധ്യത കണ്ടിരുന്നത്. എന്നാൽ, ജോലി ഭാരം ചൂണ്ടിക്കാട്ടി ക്യാപ്റ്റനാകാനില്ലെന്ന് താരം തന്നെ മാനേജ്മെന്‍റിനെ അറിയിച്ചതായാണ് വിവരം.
രോഹിത് ശർമക്കു കീഴിലുള്ള ടീമിൽ ഉപനായകനായിരുന്നു ബുംറ. ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹിത്തിന്‍റെ അഭാവത്തിൽ ഇന്ത്യ ജയിച്ച പെർത്ത് ടെസ്റ്റിൽ ഉൾപ്പെടെ രണ്ടു ടെസ്റ്റുകളിൽ ടീമിനെ നയിച്ചതും ബുംറയായിരുന്നു. ബുംറയെ നായക പദവിയിലേക്ക് പരിഗണിക്കരുതെന്നും ഗില്ലിനോ, ഋഷഭ് പന്തിനോ നായക സ്ഥാനം നൽകണമെന്നും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

