ചരിത്രം കുറിച്ച് ഗിൽ, ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ നായകന്‍റെ ആദ്യ ഇരട്ട സെഞ്ച്വറി, ഇന്ത്യ മികച്ച സ്കോറിലേക്ക്
text_fieldsബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ഇംഗ്ലണ്ട് മണ്ണിൽ ഒരു ഇന്ത്യൻ നായകന്‍റെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്.
താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയും. എഡ്ജ്ബാസ്റ്റണിൽ 311 പന്തിൽ രണ്ടു സിക്സും 21 ഫോറുമടക്കമാണ് താരം ഈ നേട്ടം കൈവരിച്ചത്. നിലവിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 472 റൺസെടുത്തിട്ടുണ്ട്. 59 പന്തിൽ 21 റൺസുമായി വിഷിങ്ടൺ സുന്ദറാണ് ക്രീസിലുള്ള മറ്റൊരു താരം. ലീഡ്സ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഗിൽ സെഞ്ച്വറി നേടിയിരുന്നു (147 റൺസ്). രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജദേജയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 137 പന്തിൽ 89 റൺസെടുത്ത താരം ജോഷ് ടോങ്ങിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജമീ സ്മിത്തിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
വിദേശ മണ്ണിൽ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനാണ് ഗിൽ. 2016ൽ നോർത് സൗണ്ടിൽ സൂപ്പർതാരം വിരാട് കോഹ്ലിയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. സെന രാജ്യങ്ങളിൽ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ആസ്ട്രേലിയ) ടെസ്റ്റിൽ ആദ്യ ഇരട്ട സെഞ്ച്വറി നേടുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള നായകൻ കൂടിയാണ് ഗിൽ. 2011 ലോഡ്സിൽ ശ്രീലങ്കയുടെ മുൻ ക്രിക്കറ്റർ തിലകരത്ന നേടിയ 193 റൺസാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. ടൈഗർ പട്ടൗഡിക്കുശേഷം ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോഡും താരം സ്വന്തമാക്കി.
അഞ്ച് വിക്കറ്റിന് 310 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ചത്. ഒന്നാംദിനം 87 റൺസെടുത്ത് ഓപണർ യശസ്വി ജയ്സ്വാൾ കരുത്തുകാട്ടി. കരുൺ നായർ (31), ഋഷഭ് പന്ത് (25) എന്നിവരും രണ്ടക്കം കടന്നു. കെ.എൽ രാഹുൽ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി (ഒന്ന്) എന്നിവർക്ക് തിളങ്ങാനായില്ല.
ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് തുടർച്ചയായി രണ്ടാം തവണയും ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് രണ്ടിന് 98 എന്ന നിലയിലായിരുന്നു സന്ദർശകർ. ആദ്യ മണിക്കൂറിൽ ഓപണർ കെ.എൽ. രാഹുലിനെ (26 പന്തിൽ രണ്ട്) ക്രിസ് വോക്സ് മടക്കി. നിർണായകമായ രണ്ടാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും കരുൺ നായരും പിടിച്ചുനിന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും 80 റൺസ് ചേർത്തത് തകർച്ച ഒഴിവാക്കി.
ഒന്നാം ടെസ്റ്റിൽ പൂജ്യത്തിന് ഒന്നാമിന്നിങ്സിൽ പുറത്തായ കരുൺ, ജയ്സ്വാളിന് മികച്ച പിന്തുണയേകി. ലീഡ്സിൽ ആറാമനായി ഇറങ്ങിയ കരുൺ ബർമിങ്ഹാമിൽ വൺഡൗണായി. തുടക്കത്തിൽ ജോഷ് ടങ്ങിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു റിവ്യു അതിജീവിച്ച കരുൺ, അടുത്ത ഓവറിൽ തുടർച്ചയായി രണ്ട് ഫോറടിച്ച് ആത്മവിശ്വാസം തിരിച്ചുപിടിച്ചു. പിന്നീട് മോശം പന്തുകളിൽ മാത്രം റൺസെടുത്ത കരുൺ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പുറത്തായി. ബ്രൈഡൻ കാഴ്സിന്റെ തകർപ്പൻ ഷോട്ട് ബാൾ ബാറ്റിൽ തട്ടി രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന്റെ കൈയിലെത്തി.
ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ കരുതലോടെ കുതിച്ചു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. പ്രധാന പേസറായ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകി. പകരം ആകാശ്ദീപിനാണ് അവസരം ലഭിച്ചത്. സായ് സുദർശന് പകരം വാഷിങ്ടൺ സുന്ദറിനെയും ശർദൂൽ ഠാക്കുറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെയും കളിസംഘത്തിലുൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

