ശുഭ്മൻ ഗിൽ രണ്ടാം ടെസ്റ്റിനില്ല; പകരക്കാരനാകാൻ ഇടംകൈയൻ യുവതാരം, നയിക്കാൻ പന്ത്
text_fieldsഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ് മടങ്ങുന്ന ശുഭ്മൻ ഗിൽ
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെ കൊൽക്കത്തിയിൽ നടന്ന ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗുവാഹത്തിലിയിലെ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഗില്ലിന് പകരം ടോപ് ഓഡർ ബാറ്ററായ സായ് സുദർശൻ പ്ലേയിങ് ഇലവനിലെത്തും. 24കാരനായ സുദർശൻ ജൂണിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. കഴിഞ്ഞ മാസം നാട്ടിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റിലും ഇടംകൈയൻ താരം പാഡണിഞ്ഞിരുന്നു. കളിച്ച അഞ്ച് ടെസ്റ്റിൽനിന്ന് 30.33 ശരാശരിയൽ 273 റൺസാണ് സമ്പാദ്യം.
കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പുരോഗമിക്കവെയാണ് പിൻകഴുത്തിൽ വേദന അനുഭവപ്പെട്ട ഗിൽ ക്രീസ് വിട്ടത്. സൈമൺ ഹാർമറുടെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ചതിനു പിന്നാലെ കഴുത്തിൽ രൂക്ഷവേദന അനുഭവപ്പെട്ട താരം സപ്പോർട്ടിങ് സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കുകയായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തിരുന്നു. ക്ലിനിക്കലി ഫിറ്റാണെങ്കിലും അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരത്തിന് ഗ്രൗണ്ടിലിറങ്ങിയാൽ ചിലപ്പോൾ ദോഷകരമായി ബാധിച്ചേക്കാമെന്ന ഉപദേശത്തിന്‍റെ അടിസ്ഥാനനത്തിലാണ് രണ്ടാം ടെസ്റ്റിൽനിന്ന് മാറിനിൽക്കുന്നത്.
താരത്തിന് പത്ത് ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് നേരത്തെ പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പയിൽ കളിക്കാനാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഏകദിനത്തിലും വിശ്രമം നൽകി ട്വന്‍റി20 പരമ്പരക്ക് തിരികെ വിളിക്കാനുള്ള സാധ്യതയും റിപ്പോർട്ടുകളിലുണ്ട്. എന്നാൽ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും പരിക്കിന്‍റെ പിടിയിലാണെന്നത് ഇന്ത്യക്ക് തലവേദനയാണ്. പകരം കെ.എൽ. രാഹുലിനോ അക്സർ പട്ടേലിനോ ക്യാപ്റ്റന്ഡസി നറുക്ക് വീണേക്കും. ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്തായിരിക്കും രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ശനിയാഴ്ചയാണ് മത്സരം തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

